petrol
പെട്രൊൾ പമ്പ്

കൊച്ചി : കാമുകിമാരെ കത്തിച്ചുകൊല്ലുന്ന നിരാശാകാമുകന്മാർ പെരുകിയപ്പോൾ ഇരുട്ടടി കിട്ടിയത് ഇരുചക്ര വാഹനയുടമകൾക്കും ചെറുകിട വ്യവസായ യൂണിറ്റുകൾക്കും. ഓട്ടത്തിനിടെ പെട്രോൾ തീർന്നാൽ അടുത്ത പമ്പ് വരെ വാഹനം തള്ളുകയല്ലാതെ മാർഗമില്ല. കുപ്പിയിൽ പെട്രോളും ഡീസലും നൽകുന്നത് പൊലീസ് വിലക്കിയതോടെ പമ്പുകളിൽ തർക്കവും വാക്കേറ്റവും പതിവായി.

പൊലീസുകാരിയായ സൗമ്യയെ പൊലീസുകാരനായ അജാസ് തീകൊളുത്തി കൊന്നതിന് പിന്നാലെയാണ് നടപടി. തിരുവല്ലയിലും സമാനമായ സംഭവം നടന്നിരുന്നു. ഇതേത്തുടർന്നാണ് കുപ്പികളിൽ പെട്രോളും ഡീസലും വിൽക്കുന്നത് വിലക്കി പമ്പുടമകൾക്ക് പൊലീസ് നോട്ടീസ് നൽകിയത്. കുപ്പിയിൽ വാങ്ങിയ പെട്രോൾ ആരെങ്കിലും മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ പമ്പുടമ ഉത്തരവാദിയാകുമെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.

ഓട്ടത്തിനിടെ ഇന്ധനം തീർന്നാൽ കുപ്പിയിലോ കാനിലോ വാങ്ങലാണ് പതിവ്. ഇപ്പോൾ പമ്പിൽ ചെന്നാൽ കുപ്പിയിൽ പെട്രോൾ കിട്ടില്ല. ഇത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായി ഇരുചക്രവാഹന യാത്രക്കാർ പറയുന്നു.

# തർക്കം പതിവായി

കുപ്പിയിലും കാനിലും പെട്രോൾ വാങ്ങാനെത്തുന്നവർ പമ്പുകളിൽ പ്രശ്നങ്ങളുണ്ടാക്കുന്നതായി പമ്പുടമകൾ പറയുന്നു. നൽകില്ലെന്ന് അറിയിച്ചാൽ തർക്കിക്കുന്നതും അസഭ്യം പറയുന്നതും പതിവായി. പൊലീസിന്റെ മുന്നറിയിപ്പ് പതിപ്പിച്ചത് കാണിച്ചാലും പെട്രോൾ വാങ്ങാനെത്തുന്നവർ അടങ്ങാറില്ല.

കുപ്പികളിൽ മുപ്പതും നാല്പതും രൂപയ്ക്ക് പെട്രോൾ വാങ്ങുന്നതിനോട് പമ്പുടമകൾക്ക് താല്പര്യം കുറവാണ്. കുപ്പിയുമായി വരുന്നവർ ഇടയ്ക്കു കയറുന്നതും വാഹന ഉടമകളുമായി തർക്കമുണ്ടാകുന്നതുമാണ് കാരണം.

# വലഞ്ഞ് സംരംഭകരും

വ്യവസായ ആവശ്യത്തിന് പെട്രോളും ഡീസലും ഉപയോഗിക്കുന്നവർ നിരവധിയുണ്ട്. ചില ചെറുകിട വ്യവസായ യൂണിറ്റുകളിൽ യന്ത്ര സാമഗ്രികൾ കഴുകാനും വേണ്ടിവരും. ഇവർക്കും പെട്രോൾ നൽകാൻ പമ്പുടമകൾ മടിക്കുകയാണ്. കടകളിലും മറ്റു ചെറിയ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് പെട്രോൾ ഒഴിച്ചാണ്. ഏതാനും ലിറ്റർ പെട്രോൾ വാങ്ങാൻ ഇപ്പോൾ കഴിയുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.

കൊച്ചി മെട്രോ പോലുള്ള നിർമ്മാണ കേന്ദ്രങ്ങളിൽ പെട്രോളും ഡീസലും ഉപയോഗിക്കുന്നുണ്ട്. ജെ.സി.ബി പോലുള്ള യന്ത്രങ്ങൾക്ക് വലിയ വീപ്പയിൽ നൽകുന്നത് സാധാരണമാണ്. ഇത്തരത്തിൽ രണ്ടായിരം ലിറ്റർ വരെ മറ്റു വാഹനത്തിൽ രേഖകളില്ലാതെ കൊണ്ടുപോകാനും അനുമതിയുണ്ട്.

# ലോഹ കാനിൽ നൽകാം

കേന്ദ്ര പെട്രോളിയം ആക്ട് അനുസരിച്ചാണ് പമ്പുകളുടെ പ്രവർത്തനം. ലോഹ കാനിൽ അഞ്ചു ലിറ്റർ പെട്രോളും 20 ലിറ്റർ ഡീസലും നൽകാൻ ആക്ടിൽ അനുമതിയുണ്ട്. പ്ളാസ്റ്റിക് പാത്രങ്ങളിൽ നൽകുന്നതിനാണ് വിലക്കുള്ളത്.

# അറിയാതെയും കുടുങ്ങും

ഏതാനും വർഷങ്ങൾക്ക് മുമ്പാണ് സംഭവം. മത്സ്യബന്ധന ബോട്ടിൽ ഒഴിക്കാൻ നഗരത്തിലെ ഒരു പമ്പുടമ വീപ്പയിൽ ഡീസൽ നൽകി. ഡീസൽ കൊണ്ടുപോയആൾ ഒരു പീലിംഗ് ഷെഡ് ഉടമയുമായി തർക്കമുണ്ടായി. വൈരാഗ്യം തീർക്കാൻ ഡീസൽ ഒഴിച്ച് ഷെഡ് കത്തിച്ചു. പൊലീസ് കേസായി. പമ്പുടമയും കേസിൽ പ്രതിയായി. രണ്ടര വർഷംകോടതിയിൽ കയറിയിറങ്ങിയാണ് ഉടമ കേസിൽ നിന്ന് തലയൂരിയത്.