കൊച്ചി : ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. അവതരിപ്പിച്ച ശബരിമല ബില്ലിൽ അബ്രാഹ്മണ ഹെെന്ദവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന് സാംബവ മഹാസഭ സംസ്ഥാന മാനേജിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ശബരിമല, മാളികപ്പുറം മേൽശാന്തി പദവികളിൽ മലയാള ബ്രാഹ്മണർക്കാണ് നിയമനം. നിലവിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന സ്വകാര്യ ബിൽ പാസായാൽ അബ്രാഹ്മണ ഹെെന്ദവർക്ക് മേൽശാന്തിയാകാനുള്ള അവസരം ഇല്ലാതാകും. ദേവസ്വം നിയമനങ്ങളിൽ ജാതിവിവേചനം പാടില്ലെന്ന സുപ്രീംകോടതിയുടെ 2002 ലെ വിധി ശബരിമലയിലും നടപ്പാക്കാൻ കഴിയണം. ഇതിനാവശ്യമായ വ്യവസ്ഥകൾ കൊണ്ടുവരണം.
പട്ടികജാതി ഭൂരഹിത പുനരധിവാസ പദ്ധതിയിൽ ഭൂമി വാങ്ങാനുള്ള സംസ്ഥാന സർക്കാർ സഹായം വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് കെ.എം കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്ഥാപക ജനറൽസെക്രട്ടറി ശിവൻ കദളി, സജീവൻ, കെ.ജി. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.