കാലടി : ആരോഗ്യ, ശുചിത്വ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്രം കേരളം പുരസ്കാരം കാലടി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി എ സി മൊയ്തീനിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ. തുളസിയും, പഞ്ചായത്ത് ജീവനക്കാരും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. എറണാകുളം ജില്ലയിൽ രണ്ടാംസ്ഥാനമാണ് കാലടി ഗ്രാമപഞ്ചായത്തിന് ലഭിച്ചത്. ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണം, മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കാനുള്ള ബോധവത്ക്കരണം, പകർച്ചവ്യാധികൾ പടർന്നു പിടിക്കാതിരിക്കാനുള്ള നടപടികൾ, കൊതുക് നശീകരണത്തിന് ഫോഗിംഗ്, ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ ബോധവത്ക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു.മറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജീവിതശൈലിരോഗങ്ങൾക്ക് പ്രത്യേക വിഭാഗം ആരംഭിച്ചു. 600 പേർക്ക് കമ്പോസ്റ്റ് പ്ലാന്റ് നൽകി., ബയോഗ്യാസ് പ്ലാന്റ് വിവിധ കുടുംബങ്ങൾക്ക് നൽകി. ചെമ്പിശേരി റോഡിലെ മാലിന്യങ്ങൾ പൂർണ്ണമായുംനീക്കം ചെയ്തു.വീടുകളിൽ ചെന്ന് രോഗീപരിചരണം തുടങ്ങിയ പദ്ധതികൾ പഞ്ചായത്ത് നടപ്പിലാക്കി. അവാർഡ് തുകയായ മൂന്ന് ലക്ഷം രൂപ ആരോഗ്യമേഖലയ്ക്ക് വിനിയോഗിക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു.