കൊച്ചി:വിവാഹ അഭ്യർത്ഥന നിരസിച്ചതിന് 23 കാരിയെ മർദ്ദിക്കുകയും മാറിടത്തിൽ പിടിച്ച് അപമാനിക്കുകയും ചെയ്‌ത തൃപ്പൂണിത്തുറ സ്വദേശി ചന്ദ്രനെ (48) എറണാകുളം നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പച്ചാളം പാലത്തിനടിയിൽ കാത്ത് നിന്നാണ് ചന്ദ്രൻ ആക്രമിച്ചത്. ഇയാൾ കൊച്ചിൻ കോർപ്പറേഷനിലെ മാലിന്യം ശേഖരിക്കുന്ന തൊഴിലാളിയാണ്. മൂന്ന് വർഷം മുമ്പാണ് ഇയാൾ ജോലിയുടെ ഭാഗമായി യുവതിയുടെ വീട്ടിലെത്തി പരിചയപ്പെട്ടത്. പിന്നീട് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ യുവതി നിരസിച്ചു. വീട്ടിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ജോലി മറ്റൊരാളെ ഏൽപ്പിക്കുകയും ചെയ്‌തിരുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ നോർത്ത് ഇൻസ്പെക്ടർ സിബി ടോം,എസ്.ഐ വി.ബി അനസ് എന്നിവർ നഗരത്തിലെ വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.