കൊച്ചി: കുരുന്നുകൾ പാടി തിമിർക്കുകയാണ്. പാട്ടിനൊപ്പം ആട്ടവും നൃത്തവും. കുരുന്നുകളുടെ പഠനം കാണാൻ നല്ല ശേലുണ്ട്.പക്ഷേ, അംഗൻവാടി കെട്ടിടം കണ്ടാൽ ഒന്ന് അമ്പരക്കും. ഈ കെട്ടിടത്തിൽ കുട്ടികൾ സുരക്ഷിതരോ?. അതിമനോഹരമായ സ്വന്തം കെട്ടിടം മൂന്നു വർഷമായി നോക്കുകുത്തിയായി കിടക്കുമ്പോഴാണ് ഇടപ്പള്ളി കുന്നുപുറം വി.ഐ പടി 119 ാം നമ്പർ അംഗൻവാടിയിലെ ദുരിത കാഴ്ചകൾ.
പ്‌ളാവിലെ ചക്കകൾ വീഴുമാേ
വർഷങ്ങളായി ഈ അംഗൻവാടി ഒരു വീട്ടുമുറ്റത്തെ പഴയ വീട്ടിലാണ് പ്രവർത്തനം. കെട്ടിടത്തിന്റെ പോരായ്‌മ കാരണം രണ്ടു വർഷമായി നഗരസഭയുടെ മരാമത്ത് വിഭാഗം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. എന്നാലും പ്രവർത്തനം അവിടെ തന്നെ. 20 കുരുന്നുകളാണ് പഠിതാക്കൾ. ഒറ്റ മുറിയും അടുക്കളയുമുള്ള കെട്ടിടത്തിന് മുകളിലേക്ക് നിറയെ ചക്കയുമായി പ്ളാവ് ചാഞ്ഞു നിൽക്കുന്നു. മഴ പെയ്‌താൽ മുറിയിലേക്ക് വെള്ളം അടിച്ചു കയറും. ഓടും തകരഷീറ്റുമുള്ള മേൽക്കൂരയിൽ അങ്ങിങ്ങ് വിടവുകൾ കാണാം.ഈർപ്പമുള്ള തറയിലാണ് കുട്ടികളുടെ ഇരിപ്പിടം.മാസം മൂവായിരം രൂപയാണ് വാടക. ടീച്ചർ കൈയിൽ നിന്ന് അടയ്‌ക്കും. മാസങ്ങൾക്ക് ശേഷം തിരികെ കിട്ടും. കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാൽ ആശങ്കയോടെയാണ് രക്ഷിതാക്കൾ കുട്ടികളെ അംഗൻവാടിയിലേക്ക് വിടുന്നത്.
നോക്കുകുത്തിയായി സൂപ്പർ കെട്ടിടം
തൊട്ടടുത്ത് നഗരസഭയുടെ സ്വന്തം സ്ഥലമായ രണ്ടു സെന്റിൽ സൂപ്പർ കെട്ടിടം ഉയർന്നിട്ട് മൂന്നുവർഷം. ഇക്കഴിഞ്ഞ മേയ് 30 ന് ആഘോഷമായി കൗൺസിലർ ജഗദംബിക സുദർശൻ ഉദ്‌ഘാടനം ചെയ്‌തു. പക്ഷേ, അംഗൻവാടിയുടെ പ്രവർത്തനം പഴയ കെട്ടിടത്തിൽ തന്നെ. കെട്ടിടത്തിന് നഗസഭയുടെ നമ്പർ കിട്ടാത്തതിനാൽ വൈദ്യുതിയും വാട്ടർ കണക്ഷനും ഇല്ല. തൊട്ടടുത്ത വീട്ടുകാർ നൽകാമെന്ന് അറിയിച്ചെങ്കിലും വേണ്ടെന്ന് വച്ചു.
പേടിക്കണ്ട, വ്യാഴാഴ്ച തുറക്കും
പുതിയ കെട്ടിടത്തിൽ വ്യാഴാഴ്ച അംഗൻവാടി പ്രവർത്തിച്ചിരിക്കും. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചു. രണ്ടു ദിവസത്തിനുള്ളിൽ വൈദ്യുതിയും വാട്ടർ കണക്‌ഷനും റെഡിയാക്കും. കെട്ടിടത്തിന് മുന്നിലുള്ള കിണറർ ഗ്രില്ലിട്ട് മൂടിയ നിലയിലാണ്. അതിനാൽ ഇവിടെ കുട്ടികളെ കൊണ്ടുവരാൻ ഭയമാണെന്ന് ടീച്ചർ പറഞ്ഞിരുന്നു. വെള്ളവും വൈദ്യുതിയും തൊട്ടടുത്ത വീട്ടുകാർ നൽകാമെന്നും സമ്മതിച്ചതാണ്. ഇന്ന് കിണറും മണ്ണിട്ട് മൂടും. ഒന്നും കൊണ്ടും ആരും ഭയപ്പെടേണ്ട.
ജഗദംബിക സുദർശൻ
നഗരസഭ കൗൺസിലർ
ഉദ്യോഗസ്ഥരുടെ വീഴ്ച
നിർമ്മാണം കഴിഞ്ഞ് മൂന്നുവർഷമായിട്ടും കെട്ടിടത്തിന് നമ്പർ നൽകാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണ്. ആശങ്കയോടെയാണ് രക്ഷിതാക്കൾ പഴയ കെട്ടിടത്തിലേക്ക് വിദ്യാർത്ഥികളെ വിടുന്നത്. മഴ വരുമ്പോൾ നെഞ്ചിടിപ്പാണ്.
ഹബീബ്
നാട്ടുകാരൻ