amma

കൊച്ചി: ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഭരണഘടന മാറ്റാനൊരുങ്ങി താരസംഘടന അമ്മ. വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഭരണഘടനാ ഭേദഗതി നിർദ്ദേശങ്ങൾ 30ന് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ചേരുന്ന വാർഷിക പൊതുയോഗം ചർച്ച ചെയ്യും. സുപ്രീംകോടതി നിർദ്ദേശങ്ങളടക്കം പരിഗണിച്ചാണ് നീക്കം. ഞായറാഴ്ച രാവിലെ 10 മുതലാണ് യോഗം.

യുവനടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് സംഘടനയിലെ വനിതകളും സിനിമ പ്രവർത്തകരുടെ സംഘടനയായ വുമൺ ഇൻ സിനിമ കളക്ടീവും (ഡബ്ളിയു.സി.സി) ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനും സമ്മർദ്ദത്തിനുമൊടുവിലാണ് താര സംഘടന ഭരണഘടനാ മാറ്റത്തിനൊരുങ്ങുന്നത്.

ലൈംഗിക ചൂഷണമടക്കം തടയാൻ സംഘടനയ്ക്കകത്ത് ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നായിരുന്നു പ്രധാന ആവശ്യം. സംഘടനയുടെ രണ്ടു വൈസ് പ്രസിഡന്റുമാരിൽ ഒന്ന് വനിതയ്ക്ക് നൽകണമെന്നും നിർദ്ദേശമുണ്ട്.

കഴിഞ്ഞ ജൂൺ 24ന് ചേർന്ന അമ്മയുടെ വാർഷിക പൊതുയോഗത്തിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള ഭാരവാഹികളുടെ നടപടിയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടിയോടൊപ്പം ഗീതു മോഹൻദാസ്,​ റീമ കല്ലിങ്കൽ,​ രമ്യ നമ്പീശൻ എന്നിവരും സംഘടനയിൽ നിന്ന് രാജി വച്ചിരുന്നു.

രേവതി, പദ്മപ്രിയ, പാർവതി എന്നിവർ ഭാരവാഹികളുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഭരണഘടനാ ഭേദഗതികൾ ആവശ്യപ്പെടുകയായിരുന്നു.

പ്രധാന നിർദ്ദേശങ്ങൾ

പരിഷ്കാരം കാലാനുസൃതം

"ഭരണഘടന കാലാനുസൃതമായി പരിഷ്കരിക്കുകയാണ് ചെയ്യുന്നത്. മുതിർന്ന അഭിഭാഷകന്റെ സഹായത്തോടെ തയ്യാറാക്കിയ നിർദ്ദേശങ്ങൾ എല്ലാ അംഗങ്ങൾക്കും അയച്ചുകൊടുത്തിട്ടുണ്ട്. യോഗത്തിന്റെ അംഗീകാരം ലഭിച്ചാൽ രജിസ്‌ട്രേഷൻ അടക്കമുള്ള മറ്റു നടപടികളിലേക്ക് നീങ്ങും."

ഇടവേള ബാബു

ജനറൽ സെക്രട്ടറി