jayakumar
എൻ.എസ്. ജയകുമാർ

കൊച്ചി : നൂറിലേറെപ്പേർക്ക് തൊഴിൽ ലഭ്യമാകുന്ന ഐ.ടി സംരംഭം തുടങ്ങാനെത്തിയ പ്രവാസിയെ സ്ഥലം ഉടമ വഞ്ചിച്ച് പെരുവഴിയിലാക്കി.

37 ലക്ഷം രൂപ അഡ്വാൻസ് നൽകിയ കെട്ടിടവും സ്ഥലവും പണയ വസ്തുവാണെന്ന വിവരം മറച്ചുവച്ച ഉടമ പണവും ഉടമ തിരികെ നൽകാത്തതോടെ സംരംഭം അനിശ്ചിതത്വത്തിലായി. ഇടുക്കി നെടുങ്കണ്ടം സ്വദേശി ജയഭവനിൽ എൻ.എസ്. ജയകുമാറാണ് തട്ടിപ്പിന് ഇരയായത്.

ആലുവ വെസ്റ്റ് മുട്ടം പനച്ചിക്കപ്പറമ്പിൽ മുഹമ്മദ് റെക്സിയാണ് ജയകുമാറിനെ കബളിപ്പിച്ചത്. 2018 ഏപ്രിൽ 23 നാണ് ജയകുമാറിനു വേണ്ടി ഭാര്യാ പിതാവ് പാമ്പാക്കുട വെള്ളാരംപാറക്കൽ ജീവലാൽ സ്ഥലം വാങ്ങാൻ കരാർ ഒപ്പിട്ടത്. കളമശേരിയിൽ കൊച്ചി സർവകലാശാലയ്ക്ക് സമീപം കെട്ടിടമുൾപ്പെട്ട 2.28 ഏക്കർ സ്ഥലം 2.10 കോടി രൂപയ്ക്കായിരുന്നു ഇടപാട്.

സ്ഥലം ആധാരം ചെയ്യുന്നതിന് മുഴുവൻ തുകയും സ്വരൂപിച്ച് ഉടമയെ സമീപിച്ചെങ്കിലും തെന്നിമാറി. ഇതിനിടെയാണ് സ്ഥലം തൃപ്പൂണിത്തുറ പീപ്പിൾസ് സഹകരണ ബാങ്കിന്റെ ഇടപ്പള്ളി ശാഖയിൽ പണയം വച്ചിരുന്ന വിവരം ഇവരറിയുന്നത്. കോലഞ്ചേരി ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിനിർദ്ദേശപ്രകാരം രാമമംഗലം പൊലീസ് പ്രതിയെ അറസ്റ്റുചെയ്തെങ്കിലും മുടക്കിയ പണം തിരികെ നൽകാനോ സ്ഥലം ആധാരം ചെയ്തുനൽകാനോ ഇയാൾ തയ്യാറായിട്ടില്ല.

ലക്ഷ്യമിട്ടത് ഐ.ടി സംരംഭം

കുവൈറ്റിൽ ഹൈടെക് എസ്റ്റാബ്ളിഷ്മെന്റ്സ് എന്ന സ്ഥാപനം നടത്തുകയാണ് ജയകുമാർ. സോഫ്റ്റ്‌വെയർ വികസനം, കയറ്റുമതി, ഹാർഡ്‌വെയർ നിർമ്മാണം, സർവീസ് എന്നിവയാണ് സേവനങ്ങൾ. എച്ച്.പി ഉൾപ്പെടെ വൻകിട കമ്പനികൾ ഇടപാടുകാരാണ്.

നൂറോളം പേർക്ക് തൊഴിൽ ലഭിക്കുമായിരുന്നു.

മാർക്കറ്റിംഗിൽ എം.ബി.എയും കമ്പ്യൂട്ടർ സയൻസിൽ പി.ജി. ഡിപ്ളോമയും ജയകുമാർ നേടിയിട്ടുണ്ട്.

കുറ്റപത്രം ഒരാഴ്ചയ്ക്കകം

ബാങ്കിൽ പണയവസ്തുവാണെന്നും ജപ്തി നടപടി നേരിടുന്നതാണെന്നുമുള്ള വസ്തുത മറച്ചുവെച്ചാണ് മുഹമ്മദ് റെക്സി ഇവരെ കബളിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം നൽകും.

എസ്. ശിവ് ലാൽ

എസ്.ഐ. രാമമംഗലം

കഷ്ടപ്പെട്ടുണ്ടാക്കിയ പണം

ഇരുപത് വർഷം വിദേശത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണവും ജനിച്ച മണ്ണിൽ സംരംഭം എന്ന സ്വപ്നവുമാണ് നഷ്ടമായത്.

എൻ.എസ്. ജയകുമാർ