മൂവാറ്റുപുഴ: എം.സി. റോഡിൽ വാഴപ്പിള്ളി ഐ.ടി.ആർ ജംഗ്ഷനുസമീപം കുടിവെള്ള പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം റോഡിലൂടെ ഒഴുകുന്നു. ഇന്നലെ രാവിലെ മുതൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയെങ്കിലും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. റോഡരികിലെ കുടിവെള്ളപൈപ്പ് വൻ ശബ്ദത്തോടെ പൊട്ടിയത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. പൈപ്പ് പൊട്ടിയതോടെ ചെളിയും മണ്ണും വെള്ളവുമുൾപ്പെടെ മുകളിലേക്കുയർന്ന് റോഡിലൂടെ ഒഴുകിയതിനെ തുടർന്ന് റോഡിനും നാശമുണ്ടായി.
വാഴപ്പിള്ളി , പുളിഞ്ചുവട്, പേഴയ്ക്കാപ്പിള്ളി , പള്ളിചിറങ്ങര, മുടവൂർ , ബ്ലോക്ക് കവല തുടങ്ങിയ പ്രദേശങ്ങലിലേക്ക് മൂവാറ്റുപുഴ കുടിവെള്ള പദ്ധതിയിലൂടെയാണ് വെള്ളം എത്തിക്കുന്നത്. പൈപ്പ് പൊട്ടിയതോടെ ഉയർന്ന പ്രദേശത്തുള്ളവർക്ക് വെള്ളം കിട്ടാതായി. എത്രയും വേഗം പ്രശ്നം പരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.