കൊച്ചി : സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ആനന്ദ് പട്‌വർദ്ധൻ സംവിധാനം ചെയ്ത വിവേക് (റീസൺ) പ്രദർശിപ്പിക്കാൻ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സെൻസർ നടപടികളിൽ ഇളവു നൽകാതിരുന്നതിന് എതിരെ അക്കാഡമിയും ആനന്ദ് പട്‌വർദ്ധനും നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഉത്തരവ്.
മേളയിലെ പ്രതിനിധികൾക്കു മുന്നിൽ മാത്രമേ പ്രദർശിപ്പിക്കാവൂ, തിരുവനന്തപുരത്തെ മേളയിൽ മാത്രമായി പ്രദർശനം പരിമിതപ്പെടുത്തണം, ഡോക്യുമെന്ററി കാരണം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവുന്നില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പു നൽകണം എന്നിവയാണ് പ്രധാന ഉപാധികൾ. രോഹിത് വെമുലയുടെ ആത്മഹത്യ, മുസ്ളിം. ദളിത് വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമം, നരേന്ദ്ര ധബോൽകർ, ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകങ്ങൾ എന്നിവ ഡോക്യുമെന്ററിയിൽ വിഷയമാകുന്നുണ്ട്. ചിത്രം പ്രദർശിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാലാണ് ഇളവു നിഷേധിച്ചതെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷക കോടതിയെ ബോധിപ്പിച്ചു.
മേളയിലെ 160 ഹ്രസ്വ ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റിൽ കേന്ദ്രം ഇളവ് അനുവദിച്ചെങ്കിലും പട്‌വർദ്ധന്റെ ഡോക്യുമെന്ററിക്ക് അനുമതി നൽകാതിരുന്നതാണ് പരാതിക്ക് ഇടയാക്കിയത്. 'വിവേക്' തിരുവനന്തപുരത്തെ മേളയിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, രാജ്യമൊട്ടാകെ പ്രദർശനാനുമതി ലഭിക്കണമെന്നാണ് ആഗ്രഹമെന്നും ആനന്ദ് പട്‌വർദ്ധൻ പ്രതികരിച്ചു.