വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗരപ്രവേശനം ഉടൻ നടപ്പാക്കണമെന്ന് സി.പി.ഐ. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പ്രകടനപത്രികയിൽ 14ാമത്തെ ഇനമായി നഗരപ്രവേശനം വാഗ്ദാനം ചെയ്തിരുന്നതാണ്. ഇത് നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടപ്പോൾസ്ഥലം എം.എൽ.എ. എന്ന നിലയിൽ എസ്. ശർമ്മ മുൻകൈ എടുത്ത് പുലമായ സർവ്വകക്ഷി യോഗം വിളിച്ചുകൂട്ടി. ഗതാഗത കമ്മീഷണർ, ആർ.ടി.ഒ. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് ഒരു മാസത്തിനുള്ളിൽ നിവേദനം കൊടുക്കണമെന്നും തീരുമാനിച്ചിരുന്നു. എന്നാൽആഗസ്റ്റ് മാസത്തിൽ പ്രളയം ഉണ്ടായതിനെ തുടർന്ന് ഈ നടപടികൾ മുന്നോട്ടുകൊണ്ടുപോകുവാൻ സാധിച്ചില്ല. 2018 ഒക്‌ടോബർ 29ന് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ്ഹൗസിൽ എത്തിയപ്പോൾ എം.എൽ.എ.യുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ സർവ്വകക്ഷി സംഘം നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രി വിഷയങ്ങൾ മുഴുവൻ കേട്ടതിനു ശേഷം അനുഭാവപൂർവ്വമായ നടപടി സർക്കാരിൽ നിന്നും ഉണ്ടാകുമെന്നും ഉറപ്പു നൽകി. പക്ഷേ അതിനു ശേഷം ഒരു വർഷം തികയാറാകുമ്പോഴും യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ സ്ഥലം എം.എൽ.എ. അടിയന്തിരമായി ഇടപെടണമെന്ന് സി.പി.ഐ. ആവശ്യപ്പെട്ടു. യോഗത്തിൽ സെക്രട്ടറി ഇ.സി. ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജിൻഷ കിഷോർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സി. അംഗം കെ.ബി. അറുമുഖൻ, കെ.എസ്. ജയദീപ്, ഒ.ജെ. ആന്റണി, കെ.എ. ശിവൻ, കെ.കെ. ഗിരീഷ്, പി.ഒ. ആന്റണി, പി.എ. ബോസ്, വി.സി. പ്രസന്നൻ, അഡ്വ. ഡെനിസെൻ കോമത്ത് എന്നിവർ പ്രസംഗിച്ചു.