ranjan
ജയിൽ ചാടിയ പ്രതി രഞ്ജൻ

കോലഞ്ചേരി: ജയിൽ ചാടിയ കൊലപാതക കേസ് പ്രതി മാതൃ സഹോദരിയെ ആക്രമിച്ച് മാല കവർന്ന കേസ് അന്വേഷിക്കാൻ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ജയിൽ ചാടിയ കടമറ്റം സ്വദേശി രഞ്ജനെ (44) കണ്ടെത്താനാണ് പ്രത്യേക സംഘംരൂപീകരിച്ചത് . രാമമംഗലം പോലീസ് സ്‌​റ്റേഷൻ പരിധിയിൽ 2002ൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ രഞ്ജൻ. സ്വകാര്യ ബസിൽ ഡോർ ചെക്കറായി ജോലി നോക്കുന്നതിനിടയിലാണ് 17 കാരിയുമായി പ്രണയത്തിലാകുന്നത്. വിവാഹാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതോടെയാണ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്. ഈ കേസിലെ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ജയിൽ ചാടിയത്..ഇതിനിടെയാണ് നീറാംമുകളിലുള്ള അമ്മയുടെ മൂത്ത സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഒന്നേകാൽ പവന്റെ മാല കവർന്നത്. വീട്ടിൽ ഒ​റ്റക്ക് കഴിയുകയായിരുന്ന ഇവരുടെ കഴുത്തിൽ ഷാളിട്ട് മുറുക്കിയ ശേഷമാണ് മാല പൊട്ടിച്ച് കടന്ന് കളഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾ ജയിൽ ചാടിയത്. പിടികൂടാൻ പോലീസ് അന്വേഷണം നടന്നു വരുമ്പോഴാണ് പുതിയ സംഭവം. സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസെടുത്തു.പ്രതിയെ കണ്ടെത്തുന്നതിനായി മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ അനിൽ കുമാറിന്റെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ചു.