കൊച്ചി : പൊതു വിദ്യാഭ്യാസ മേഖലയുടെ ഏകീകരണത്തിനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ ഉത്തരവു സ്റ്റേ ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയിൽ അപേക്ഷ നൽകി.
ഹൈസ്കൂൾ ,ഹയർ സെക്കൻഡറി ,വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ ഏകീകരണത്തിന് നടപടി തുടങ്ങിയശേഷമാണ് സ്റ്റേ അനുവദിച്ചതെന്നും ഇതു തുടർ നടപടികൾ തടസപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി അജി ഫിലിപ്പാണ് സിംഗിൾബെഞ്ചിൽ അപേക്ഷ നൽകിയത്.ലയനം വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും മതിയായ ഒരുക്കങ്ങളില്ലാതെയാണ് നടപടിയെന്നും ആരോപിച്ച് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, എൻ.എസ്.എസ് തുടങ്ങിയവർ നൽകിയ ഹർജിയിൽ ജൂൺ 17 നാണ് സിംഗിൾബെഞ്ച് രണ്ടു മാസത്തേക്ക് സ്റ്റേ അനുവദിച്ചത്.
ലയനമല്ല, ഭരണപരമായ സൗകര്യത്തിനു വേണ്ടി സ്കൂളുകളുടെ ഏകീകരണമാണ് നടപ്പാക്കുന്നതെന്ന് സർക്കാരിന്റെ അപേക്ഷയിൽ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെ മറികടന്നുള്ള ധൃതിപിടിച്ചുള്ള നീക്കമാണിതെന്ന ആരോപണം ശരിയല്ല. ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായാണ് നടപ്പാക്കുന്നത്. ഇതിനായി കേരള വിദ്യാഭ്യാസ ചട്ട ഭേദഗതി ഉടൻ കൊണ്ടുവരും. ഏകീകരണത്തിന്റെ ഭാഗമായി ഡയറക്ടർ ജനറൽ ഒഫ് എഡ്യൂക്കേഷനെ നിയമിച്ചു. ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർമാരെ വൈസ് പ്രിൻസിപ്പൽമാരായും ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ സ്കൂൾ പ്രിൻസിപ്പലായും നിയമിക്കാൻ നടപടി എടുത്തു കഴിഞ്ഞു. ഈ ഘട്ടത്തിൽ സ്റ്റേ അനുവദിച്ചത് പഠനത്തെയും പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അപേക്ഷയിൽ പറയുന്നു. അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.