ആലുവ: ജീവിതഗന്ധിയായ നാടകങ്ങൾക്ക് എന്നും പ്രേക്ഷകരുണ്ടാകുമെന്ന് കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി എൻ.രാധാകൃഷ്ണൻനായർ ചൂണ്ടിക്കാട്ടി. ജീവിത പ്രശ്‌നങ്ങൾ ഉൾപ്പെടുത്തി പ്രേക്ഷകമനസുകളെ ചിന്തിപ്പിക്കാൻ കഴിയുന്ന നാടകങ്ങളെല്ലാം പ്രേക്ഷകർ പൂർണമായി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള സാഹിത്യ അക്കാഡമി ആലുവ ടാസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദക്ഷിണ മേഖലാ അമച്വർ നാടകമത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.
ജി.സി.ഡി.എ ചെയർമാൻ വി. സലീം, നഗരസഭാദ്ധ്യക്ഷ ലിസി എബ്രഹാം, നഗരസഭാംഗം സെബി വി ബാസ്റ്റിയൻ, ടാസ് പ്രസിഡന്റ് എസ്. പ്രേംകുമാർ, സി.എൻ.കെ.മാരാർ, പി. മധു എന്നിവർ സംസാരിച്ചു.
ഇന്ന് വൈകിട്ട് 6.45ന് തൃക്കാക്കര സെലിബ്രേഷൻസ് നാടകസംഘത്തിൻെറ മണ്ണിര, നാളെ തൃശൂർ പഞ്ചമി തിയറ്റേഴ്‌സിന്റെ മാളി, 28 ന് പെരുമ്പാവൂർ സുവർണ തിയറ്റേഴ്‌സിന്റെ ശകുന്തള ട്രാവൽസ്, 29 ന് തൃശൂർ ബ്ലാക്ക് ഫിസ്റ്റ് തീയേറ്റർ ഗ്രൂപ്പിന്റെ സുഹ്‌റയും സരസ്വതിയും എന്നിവ അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് 6.45 നാണ് നാടകം. പ്രവേശനം സൗജന്യമാണ്.