ആലുവ: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ചരിത്ര വിജയം നേടിയ ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ 'വിജയോത്സവം' സംഘടിപ്പിക്കും. നാളെ രാവിലെ പത്തിന് മുനിസിപ്പൽ ടൗൺ ഹാളിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.

പ്ളസ് ടു പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സ്കൂളിലെ 42 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയിരുന്നു. എഴുതിയ വിദ്യാർത്ഥികളുടെയും എ പ്ളസ് നേടിയ വിദ്യാർത്ഥികളുടെയും ആനുപാതിക കണക്കുകൾ പ്രകാരം ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ലഭിച്ചു.

ശതാബ്ദി പിന്നിട്ട സ്കൂളിൽ പ്ളസ് ടു ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്തരമൊരു നേട്ടം. എസ്.എൻ.ഡി.പി യോഗം ട്രസ്റ്റ് വിദ്യാലയങ്ങളിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ഏക സ്കൂൾ എന്ന അംഗീകാരവും ലഭിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ നാല് പേർ ഉൾപ്പെടെ 247 പേരും ഉപരിപഠന യോഗ്യരായി.

'വിജയോത്സവ'ത്തിൽ യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശനൻ ഉപഹാര സമർപ്പണവും മുൻ ജില്ലാ കളക്ടർ ഡോ. കെ.ആർ. വിശ്വംഭരൻ അവാർഡ് ദാനവും നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, ഡി.ഇ.ഒ സുബിൻപോൾ, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് എം.കെ. രാജീവ്, സ്കൂൾ വികസന സമിതി ചെയർമാൻ പി.ഡി. ശ്യാംദാസ്, കൺവീനർ കെ.കെ. മോഹനൻ, സെബി വി. ബാസ്റ്റ്യൻ, പ്രിൻസിപ്പൽ സീമ കനകാംബരൻ, സി.എസ്. ദിലീപ് കുമാർ, സ്മിജ ജോസഫ്, മുഹമ്മദ് ബിലാൽ, സന്തോഷ് വി. കുട്ടപ്പൻ എന്നിവർ പ്രസംഗിക്കും.