ആലുവ: സംസ്ഥാനത്ത് വയോജന നയം നടപ്പാക്കുന്നതിന് സംഘടനകൾ വലിയ ഇടപെടലുകൾ നടത്തിയെങ്കിലും സർക്കാർ വേണ്ടത്ര ജാഗ്രത കാണിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.
സർക്കാർ സർവീസിൽ ട്രാൻസ്ഫർ അപേക്ഷ നൽകുന്നവരിൽ ഏറെയും ആരോഗ്യ പ്രശ്നങ്ങളാണ് ഉന്നയിക്കുന്നത്. സംസ്ഥാന കൗൺസിലിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ പ്രസിഡന്റ് എൻ. അനന്തകൃഷ്ണനെ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കാനം രാജേന്ദ്രൻ പറഞ്ഞു. അടുത്തിടെ കൗൺസിൽ പുനസംഘടിപ്പിച്ചപ്പോൾ നേരത്തെ കൗൺസിലിൽ ഉണ്ടായിരുന്ന അനന്തകൃഷ്ണനെ ഒഴിവാക്കിയത് വിവാദമായിരുന്നു.
പ്രസിഡന്റ് എൻ. അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, ടി.പി.ആർ. ഉണ്ണി, എസ്. വിനോദ് കുമാർ, കെ.എസ്. കൃഷ്ണ, ജെ. സുധാകരൻനായർ, ജോൺ ജോസഫ്, അഡ്വ. മുഹമ്മദ് അഷറഫ്, ജി. മോട്ടിലാൽ, ശ്രീകുമാർ, എസ് ഹനീഫാ റാവുത്തർ, കെ.എൻ.കെ. നമ്പൂതിരി, ടി. വേലായുധൻ നായർ, പി.ജെ. സെബാസ്റ്റ്യൻ, റ്റി. വേലായുധൻ, കെ.എം. പീറ്റർ, ജേസഫ് കുരിശുംമൂട്ടിൽ എന്നിവർ സംസാരിച്ചു.
സെമിനാർ ഡോ. അലക്‌സാണ്ടർ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ 11ന് 'വയോജന സംരക്ഷണ നിയമങ്ങളും സംവിധാനങ്ങളും' എന്ന സെമിനാർ ജസ്റ്റിസ് ബി. കെമാൽപാഷ ഉദ്ഘാടനം ചെയ്യും.