കൊച്ചി : ഓൺലെെൻ ഹോട്ടൽ ബുക്കിംഗ് രംഗത്തെ ഭീമനായ ഓയോ ഹോട്ടൽ ആൻഡ് ഹോംസിനെതിരെ കൊച്ചിയിലെ ഹോട്ടലുടമകൾ സമരത്തിന്. മുറികളുടെ നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഉടമകൾക്ക് തിരിച്ചുനൽകുക, പണമിടപാടുകൾ സുതാര്യമാക്കുക, പണം നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നാളെ വെെകിട്ട് ആറു മുതൽ 48 മണിക്കൂറാണ് ബഹിഷ്കരണമെന്ന് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നതിന് ഓയോ മുറികൾ തുച്ഛമായ വിലക്ക് നൽകുകയാണ്. കരാർ വ്യവസ്ഥകൾ ലംഘിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. സ്വന്തം നിലയ്ക്ക് ബുക്കിംഗ് എടുത്താലും ഓയോയുടെ അക്കൗണ്ടിലേക്ക് പോകുന്ന തരത്തിലാണ് സോഫ്റ്റ് വെയർ സംവിധാനം. ഉപഭോക്താക്കളെ ആകർഷിക്കാൻ 99 രൂപയ്യ് പോലും മുറി ബുക്ക് ചെയ്തു നൽകുന്നു.

കരാറിൽ നിന്ന് പിൻമാറിയാലും ലഭിക്കാനുള്ള പണം കിട്ടാൻ മാസങ്ങൾ കാത്തിരിക്കണം. മുപ്പത് ദിവസമാണ് നോട്ടീസ് കാലാവധി. ഉപഭോക്താക്കളുടെ വിവരങ്ങൾ സ്വന്തമാക്കി ചെറുകിട ഹോട്ടലുകളെ തകർക്കാനാണ് ഓയോയുടെ ശ്രമം. ഭൂരിഭാഗം ഹോട്ടലുടമകൾക്കും ഭീമമായ ബാങ്ക് വായ്പകളുണ്ട്. തുച്ഛമായ നിരക്കിൽ മുറികൾ നൽകി അതിന്റെ ഭാരം ഉടമകളുടെമേൽ ചുമത്തുകയാണ്. നിയമപരമായി ഇതിനെ നേരിടാൻ പല ഉടമകൾക്കും സാമ്പത്തിക പ്രയാസങ്ങളുണ്ട്. ചെറുകിട ഹോട്ടലുടമകളെ ഓയോയിൽ നിന്ന് രക്ഷിക്കുവാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമമേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അസീസ് മൂസ, സെക്രട്ടറി ടി.ജെ. മനോഹരൻ, മുഹമ്മദ് റമീസ് എന്നിവർ പങ്കെടുത്തു.