sirajudheen
സിറാജുദ്ദീൻ

ആലുവ: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വീട്ടമ്മമാർക്കും മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നയാൾ എക്സൈസിന്റെ പിടിയിലായി. ആലുവ തായിക്കാട്ടുകര അങ്കത്തിക്കുടി കച്ചേരിപ്പടി സദ്ദാം എന്ന് വിളിക്കുന്ന സിറാജുദ്ദീൻ (28) നെയാണ് ആലുവ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്ത് നിന്നും ആലുവ എക്‌സൈസ് സർക്കിൾ പാർട്ടി പിടികൂടിയത്.

കുപ്രസിദ്ധ മയക്കുമരുന്നു കടത്തുകാരനും ഗുണ്ടയുമായ വാത്തുരുത്തി വിനുവിന്റെ കൂട്ടാളിയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്നു മൊത്തമായി വാങ്ങി കേരളത്തിലെത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് നൽകുന്ന സംഘത്തിലെ പ്രധാനിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന സമയമായതിനാൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ മയക്കുമരുന്ന് ഗുളികകൾ വിൽപ്പന നടത്തുമ്പോഴാണ് പിടിയിലായത്. കഞ്ചാവ് കടത്തിന് കുമളി, ആലപ്പുഴ, എറണാകുളം മേഖലകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. 10 രൂപക്ക് വാങ്ങിക്കൊണ്ടുവരുന്ന ഗുളികകൾ 100 രൂപക്കാണ് വിറ്റിരുന്നത്.

പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സോജൻ സെബാസ്റ്റ്യൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വി.എം. ഹാരിസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോസ് റൈബി, സിദ്ധാർത്ഥ്, സി.ജി. ഷാബു, പ്രദീപ് കുമാർ, സുനീഷ് കുമാർ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.