കൊച്ചി:പാലാരിവട്ടം ഫ്ളൈഓവർ നിർമാണത്തിലെ അഴിമതിയിൽമുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎക്കെതിരെ സമഗ്ര അന്വേഷണം നടത്തുക, പാലം പുനർനിർമാണത്തിന്റെ ചെലവ് ഇബ്രാഹിംകുഞ്ഞിൽനിന്ന‌് ഈടാക്കുക, ഇബ്രാഹിംകുഞ്ഞ് എംഎൽഎ സ്ഥാനം രാജിവയ‌്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൽ.ഡി.എഫ‌് നേതൃത്വത്തിൽ ഇന്ന് മുതൽ ജൂലായ് 30 വരെ പാലാരിവട്ടത്ത് സത്യാഗ്രഹം നടത്തും. രാവിലെ പത്തുമുതൽ പകൽ ഒന്നുവരെയാണ് സമരം.
ഇന്ന് രാവിലെ പത്തിന‌് കലൂർ സ‌്റ്റേഡിയത്തിനു മുന്നിൽനിന്ന‌് ബഹുജന മാർച്ച‌് ആരംഭിക്കും. മാർച്ചിൽ അണിനിരക്കുന്നവർ പാലത്തിൽ റീത്തുസമർപ്പിക്കും.പാലാരിവട്ടം ജംഗ്ഷനിൽ ചേരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാംഘട്ടം എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. അനിശ്ചിതകാല സമരത്തിനിടയിൽ കുന്നുകരയിൽനിന്ന‌് പാലാരിവട്ടത്തേക്ക് ലോംഗ്മാർച്ച് നടത്തും.