aiyf
കെ.എസ്.ആർ.ടി.സി. പരിസരത്ത് നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ നീക്കാത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. പ്രവർത്തകർ മാലിന്യങ്ങൾ കൈവണ്ടിയിലാക്കി നഗരസഭയിലേയ്ക്ക് കൊണ്ടു പോകുന്നു

ആലുവ: കെ.എസ്.ആർ.ടി.സി. പരിസരത്ത് നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ എ.ഐ.വൈ.എഫ്. പ്രതിഷേധം. മാലിന്യം കൈവണ്ടിയിലാക്കി നഗരസഭയിലെത്തിച്ചാണ് പ്രതിഷേധം . നഗരസഭ ചെയർപേഴ്‌സണുമായി നടത്തിയ ചർച്ചയെ തുടർന്ന് നഗരസഭ ജീവനക്കാരെത്തി കെ.എസ്.ആർ.ടി.സി. പരിസരത്തെ മാലിന്യം നീക്കം ചെയ്തു. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്ന കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് മുൻവശത്തായാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ ടൺ കണക്കിന് മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നത്. മഴ പെയ്‌തോടെ മാലിന്യത്തിൽ നിന്ന് വെള്ളമൊലിച്ച് പ്രദേശത്ത് പരന്നൊഴുകുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പകർച്ച വ്യാധികൾ പടരാൻ സാദ്ധ്യതയുണ്ടായിട്ടും നടപടിയൊന്നുമെടുക്കാത്ത നഗരസഭയുടെ നിലപാടിനെതിരെയാണ് എ.ഐ.വൈ.എഫ്. പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധ യോഗം ജില്ല പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ. സഗീർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോബി മാത്യു, എ. സഹദ്, ഷിഹാബ് പാറേലി, സത്താർ എടത്തല, ജെറി കീഴ്മാട്, ഡെന്നി ഡൊമനിക്ക്, സുകുമാരൻ ആവണംകോട്, ഷെമീർ കാഞ്ഞൂർ എന്നിവർ നേതൃത്വം നൽകി.