തൊടുപുഴ: എല്ലാവരും നിറമിഴികളോടെ നോക്കി നിൽക്കെ ബന്ധുവിന്റെ ഒക്കത്തിരുന്ന് അദ്വൈത അമ്മയ്ക്ക് അന്ത്യചുംബനമേകി. ആ ഹൃദയം നുറുങ്ങുന്ന കാഴ്ച നിന്നവരുടെ കണ്ണുകളെല്ലാം ഈറനണിഞ്ഞു. അപ്പോഴും ആ മൂന്ന് വയസുകാരിക്ക് അറിയില്ലായിരുന്നു അത് തന്റെ അമ്മയ്ക്കുള്ള അവസാന ചുംബനമാണെന്ന്. മൂവാറ്റുപുഴയിൽ സ്കൂൾ മുറ്റത്തേക്ക് പാഞ്ഞുകയറിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അദ്ധ്യാപികയുടെ സംസ്കാരം ചടങ്ങ് ഒരു നാടിന്റെയാകെ തേങ്ങലായി മാറി. ആകാശത്ത് കാർമേഘങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ വൈകിട്ട് അഞ്ചരയോടെയാണ് തൊടുപുഴ പുതുപ്പരിയാരം പാലക്കാട്ട് പുത്തൻപുരയിലെ വീട്ടിലേക്ക് രേവതിയുടെ ചേതനയറ്റ ശരീരവുമായി ആംബുലൻസ് എത്തിയത്. കടാതിയിലെ സ്കൂളിൽ കുട്ടികൾ തങ്ങളുടെ പ്രിയ ടീച്ചർക്ക് അന്തിമോപചാരം അർപ്പിച്ചശേഷമാണ് മൃതദേഹം തൊടുപുഴയ്ക്ക് കൊണ്ടുവന്നത്. വീട്ടുകാർക്കും നാട്ടുകാർക്കും ഒരു പോലെ പ്രിയങ്കരിയായിരുന്ന രേവതിയെ ഒരു നോക്കുകാണാൻ നിരവധി പേരാണ് കാത്ത് നിന്നത്. ഭർത്താവ് ദീപു പ്രിയ ഭാര്യയ്ക്ക് അന്ത്യചുംബനം നൽകിയ ശേഷമാണ് മകൾ അദ്വൈതയെ അവസാനനോക്ക് കാണിക്കാനായി കൊണ്ടുവന്നത്. ഇതുകണ്ട് സങ്കടം അടക്കിപിടിച്ചിരുന്നവർ പോലും പൊട്ടികരഞ്ഞു. രേവതിയുടെ അച്ഛന്റെ ബന്ധുവായിരുന്നു സംസ്കാരചടങ്ങിൽ കർമ്മങ്ങൾ നിർവഹിച്ചത്. ആറരയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. പിറവം സ്വദേശിയായ രേവതിയുടെ കുടുംബാംഗങ്ങളും അവിടത്തെ നാട്ടുകാരുമെല്ലാം സംസ്കാരചടങ്ങിനെത്തിയിരുന്നു.