ഇടപ്പള്ളി : മഴ ശക്തമാകുമ്പോഴുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനായി ഇടപ്പള്ളിയിൽ റോഡുവെട്ടിപ്പൊളിച്ച സ്ഥലത്ത് ശാസ്ത്രീയമായി നിർമ്മാണം നടത്താൻ നഗരസഭയുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് കത്ത് നൽകി. ഗുരുവായൂർ റോഡിൽ പള്ളിക്കു സമീപം മാൻഹോൾ ഉൾപ്പടെയുള്ള കാന നവീകരണം നടത്തണമെന്നാണ് നഗരസഭയുടെ ആവശ്യം. ദേശീയപാത അധികൃതരുമായി ഇക്കാര്യം ചർച്ച ചെയ്തതായി കൗൺസിലർ പി.ജി. രാധാകൃഷ്ണൻ പറഞ്ഞു . നഗരസഭയുടെ കത്തിന് തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ നിർമ്മാണം നേരിട്ടു നടത്താനുള്ള ആലോചനയുമുണ്ടെന്ന് കൗൺസിലർ പറഞ്ഞു .

റോഡിൽ വെള്ളം ഉയർന്ന് സ്ഥിതിഗതി ഗുരുതരമായപ്പോൾ നഗരസഭയുടെ നേതൃത്വത്തിൽ അധികൃതരെത്തി റോഡ് കുഴിച്ചിരുന്നു. കാനയിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസം നീക്കാനായിരുന്നു ഈ നടപടി. കാനയും റോഡിനു അടിയിലൂടെയുള്ള കലുങ്കും തമ്മിൽ ബന്ധിപ്പിക്കുന്നിടത്തു പുതിയ നിർമ്മാണം നടത്തിയാലേ ശാശ്വത പരിഹാരമാകുകയുള്ളു എന്നതിനാൽ ഇത് മൂടാനാകാത്ത അവസ്ഥയിലായി. തിരക്കേറിയ റോഡിലെ കുഴി അപകട ഭീഷണിയായി മാറിയിരിക്കുകയാണിപ്പോൾ.