കൊച്ചി:പ്രമുഖ മനോരോഗ വിദഗ്ദ്ധന്റെ വ്യാജ കുറിപ്പടി തയ്യാറാക്കി ആശുപത്രികളിൽ നിന്നും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മനോരോഗികൾക്ക് നൽകുന്ന നൈട്രോ സെപ്പാൻ ഉൾപ്പെടെയുള്ള ഗുളികകൾ വാങ്ങി വില്പന നടത്തുന്ന വടുതല സ്വദേശി ആന്റണി നിഖിലിനെ (25) എറണാകുളം നോർത്ത് പൊലീസ് അറസ്‌റ്റുചെയ്‌തു. കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം.നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ വ്യാജ കുറിപ്പടിയുമായി മരുന്നുകൾ വാങ്ങാൻ എത്തിയ നിഖിലിനെ സംശയം തോന്നിയ അധികൃതർ തടഞ്ഞുവച്ച് പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി നിഖിലിനെ ആശുപത്രിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി വ്യാജ കുറിപ്പടി ഉപയോഗിച്ച് നിരവധി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്നുകൾ വാങ്ങി വിൽപന നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നോർത്ത് പൊലീസ് ഇൻസ്പെക്ടർ സിബി ടോം, എസ്.ഐ വി.ബി അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.