ജയത്തോടെ സെമിയിലേക്ക് ഒരുപടി കൂടി അടുക്കാൻ ഇന്ത്യ വീണ്ടും അങ്കത്തിന് ഇറങ്ങുന്നു. മുൻ ചാമ്പ്യന്മാരായ വിൻഡീസാണ് എതിരാളി. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോൾഡിൽ ഇന്ത്യൻ സമയം ഇന്ന് മൂന്നിനാണ് മത്സരം. വെസ്റ്റിൻഡീസിനിത് ജീവന്മരണ പോരാട്ടമാണ്. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള വിൻഡീസിന് സെമി സാദ്ധ്യത നിലനിറുത്തണമെങ്കിൽ ജയം കൂടിയേ തീരൂ. അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കളത്തിലും കണക്കിലും കരുത്തരായ ഇന്ത്യ അനായാസ ജയം പ്രതീക്ഷിച്ചാണ് എത്തുന്നത്. പാകിസ്ഥാനെ വീഴ്ത്തിയ സമാനമായ ജയമാണ് വീൻഡീസ് ഇന്ത്യയ്ക്കെതിരെ സ്വപ്നം കാണുന്നത്. മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് പ്രവചനം.
ചരിത്രം ആവർത്തിക്കാൻ
സെമി ഉറപ്പിക്കാൻ നീലപ്പട കളത്തിലിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ, ആരാധകരുടെ ആകാംഷയോടെയുള്ള ചോദ്യം രണ്ടാണ്. ഋഷഭ് പന്ത് കളിക്കുമോ? ഭുവി തിരിച്ചെത്തുമോ? സസ്‌പെൻസിനൊടുവിൽ പന്ത് ബാറ്റേന്തുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. എന്നാൽ, ഭുവിക്ക് ഈ മത്സരത്തിൽ കൂടി വിശ്രമം നൽകിയിരിക്കുകയാണ് എന്നും അറിയുന്നു. കഴിഞ്ഞ ദിവസം നെറ്റ്‌സിൽ പ്രാക്ടീസ് ചെയ്യാൻ താരം എത്തിയതാണ് വിൻഡീസിനെതിരെ ഭുവനേശ്വർ തിരിച്ചെത്തുമോയെന്ന ചോദ്യം ശക്തമാകാൻ കാരണം. നാലാം നമ്പറിൽ വിജയ് ശങ്കർ നിരാശപ്പെടുത്തുകയാണ്. അഫ്ഗാനെതിരെ 49 പന്തിൽ 29 റൺസ് മാത്രമാണ് താരം നേടിയത്. മദ്ധ്യനിരയിൽ വേഗത്തിൽ സ്‌കോർ ചെയ്യാൻ പന്തിനെ പോലെയുള്ള താരം ആവശ്യമാണെന്ന അഭിപ്രയം ശക്തമാണ്.
അതേസമയം, ആദ്യ നാല് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത മദ്ധ്യനിര അഫ്ഗാനെതിരെ മങ്ങി. എങ്കിലും ടീമിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താൻ സാദ്ധ്യതയില്ല. ഹിറ്റ്മാൻ രോഹിത് ശർമ്മയ്ക്കൊപ്പം കെ.എൽ രാഹുൽ തന്നെ ഓപ്പൺ ചെയ്യും. മുൻനിരയ്‌ക്കൊപ്പം ധോണിയും ജാദവും പാണ്ഡ്യയും മിന്നിയാൽ മുൻ ചാമ്പ്യന്മാർക്ക് കോഹ്‌ലിപ്പടയെ പിടിച്ച് കെട്ടാൻ നന്നേ പാടുപെടേണ്ടിവരും. ബുംമ്രയ്ക്കൊപ്പം മാന്ത്രിക സ്വിംഗുകളുമായി ഷമിയും ചേരുമ്പോൾ കൂറ്റനടിക്കാരായ വിൻഡീസിനെ പിടിച്ചുകെട്ടാമെന്ന് കോഹ്‌ലി കണക്കുകൂട്ടുന്നു.
സമ്മർദ്ദത്തിൽ
ആറ് മത്സരങ്ങളിൽ നിന്നും മൂന്ന് പോയിന്റ്. ശേഷിക്കുന്നത് മൂന്ന് കളി. സെമിയിലേക്ക് കുതിക്കണമെങ്കിൽ മൂന്നും ജയിക്കണം. സമ്മർദ്ദം പേറിയാണ് കരീബിയൻ പട ഇന്ന് ഇന്ത്യയ്ക്ക് മുന്നിലേക്കെത്തുന്നത്. ശക്തരായ എതിരാളിയാണെങ്കിലും ഇന്ത്യയെ വീഴ്ത്തി സെമി സാദ്ധ്യത നിലനിറുത്തുകയാണ് ഹോൾഡറുടെയും സംഘത്തിന്റെയും ലക്ഷ്യം. ടൂർണമെന്റിൽ ഒന്നാം സ്ഥാനക്കാരായ കിവീസിനോട് അടിയറവ് പറഞ്ഞെങ്കിലും ടീം മികവിലേക്ക് ഉയർന്നത് ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. ന്യൂസിലാന്റ് ഉയർത്തിയ 291 റൺസ് പിന്തുടർന്ന വിൻഡീസ് കാർലോസ് ബ്രത്ത്‌വെയ്റ്റിന്റെ കരുത്തിൽ പൊരുതിയെങ്കിലും ആറ് റൺസിന് മുന്നിൽ വീണുപോകുകയായിരുന്നു.
82 പന്തിൽ 102 റൺസെടുത്ത ബ്രത്ത്‌വെയ്റ്റ് മിന്നും ഫോമിലാണ്. ഇന്ത്യയ്‌ക്കെതിരെ താരം നിരാശപ്പെടുത്തില്ലെന്നാണ് ടീമിന്റെ പ്രതീക്ഷ. അതേസമയം, വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ഗെയിൽ ഫോമിലേക്ക് തിരിച്ചെത്തിയത് പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. 84 പന്തിൽ 87 റൺസാണ് കിവീസിനെതിരെ ഗെയിൽ അടിച്ചെടുത്തത്. മറ്റ് മത്സരങ്ങളിൽ കാര്യമായി തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഗെയിലിനെ പിടിച്ചുകെട്ടുകയാകും ഇന്ത്യൻ ബൗളർമാരുടെ വെല്ലുവിളി. അതേസമയം, കാൽമുട്ടിന് പരിക്കേറ്റ ആന്ദ്രേ റസൽ ഇന്നും കളിക്കില്ല.
പരിചയ സമ്പന്നനായ താരത്തിന്റെ അഭാവം ടീമിന് തിരിച്ചടിയായിട്ടുണ്ട്. ലോകകപ്പിനു തൊട്ടുമുമ്പ് നടന്ന ഐ.പി.എല്ലിൽ തകർത്താടിയ റസൽ ലോകകപ്പിലും താരമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, പരിക്കുകൾ വിടാതെ പിന്തുടർന്നതോടെ താരത്തിന് ഒരിക്കൽപ്പോലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. നാലു മത്സരങ്ങളിൽ കളത്തിലിറങ്ങിയ റസലിന് ആകെ നേടാനായത് 36 റൺസും അഞ്ചു വിക്കറ്റും മാത്രമാണ്. വലിയ സ്‌കോർ പോലും സംരക്ഷിക്കാൻ കഴിയാത്തതാണ് വിൻഡീസ് നേരിടുന്ന പ്രശ്‌നം. ബംഗ്ലാദേശിനെതിരെ 321 റൺ നേടിയശേഷമാണ് തോറ്റത്.