തൃക്കാക്കര : എറണാകുളം റീജിയണൽ കെമിക്കൽ എക്‌സാമിനർ ലബോറട്ടറിയിലെ എട്ട് ലാബ് അസിസ്റ്റന്റുമാരുടെ സസ്പെൻഷൻ ലാബിന്റെ പ്രവർത്തനത്തെ ബാധിച്ചോ എന്നറിയാൻ ചീഫ് കെമിക്കൽ എക്സാമിനർ ആർ.ജയകുമാരൻ നായർ റിപ്പോർട്ട് തേടി.

അഞ്ച് ജില്ലകളിലെ പൊലീസിന്റെയും എക്സൈസിന്റെയും ആയിരക്കണക്കിന് സാമ്പിളുകളുടെ പരിശോധന നടക്കുന്ന ലാബാണ് തൃക്കാക്കരയിലേത്. ഡിസ്റ്റിലറികളിലെ ഓരോ ദിവസത്തെയും മദ്യഉല്പാദനത്തിന്റെ സാമ്പിളുകൾ അതത് ദിവസം പരിശോധിച്ച് റിപ്പോർട്ട് നൽകിയെങ്കിൽ മാത്രമേ അവ വിപണിയിലേക്ക് എത്തിക്കാനാവൂ.

ജീവനക്കാരുടെ അഭാവം ലാബിന്റെ പ്രവർത്തനത്തെ ബാധിച്ചാൽ തിരുവനന്തപുരം, കോഴിക്കോട് ലാബുകളിൽ നിന്ന് ആളുകളെ സ്ഥലം മാറ്റാനും നീക്കമുണ്ട്. അസി. കെമിക്കൽ എക്സാമിനറുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യം തീരുമാനിക്കുമെന്ന് ചീഫ് കെമിക്കൽ എക്സാമിനർ പറഞ്ഞു.

സ്ഥലം മാറ്റം വേണ്ടിവന്നാൽ മറ്റ് ലാബുകളുടെ പ്രവർത്തനത്തെയും ബാധിക്കുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്. സസ്പെൻഡ് ചെയ്യപ്പെട്ടവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുന്നതടക്കമുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുമില്ല.
ജോലി നിർവഹണം സംബന്ധിച്ച് വകുപ്പ് മേധാവിയുടെ സർക്കുലറിനെതിരെ പരാതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസാധാരണമായ നടപടിയുണ്ടായത്. 12 ലാബ് അസിസ്റ്റന്റുമാരാണ് ഇവിടെയുള്ളത്. ഇതിൽ എട്ട് പേരും സസ്പെൻഷനിലായതോടെ എറണാകുളം ലാബിന്റെ പ്രവർത്തനത്തെ ബാധിച്ചതായാണ് സൂചന.
ഡിസ്‌റ്റിലറികളുടെ സാമ്പിളുകൾ മാത്രമാണ് വേഗത്തിൽ പരിശോധിക്കുന്നത്.

പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായ ആന്തരികാവയവങ്ങളുടെ പരിശോധനകളും എക്സൈസ് ശേഖരിക്കുന്ന സാമ്പിളുകളുടെയും പരിശോധനകൾ വൈകുമെന്നാണ് സൂചന.

ഒരു ജൂനിയർ ലാബ് അസിസ്റ്റന്റും അസി. കെമിക്കൽ എക്സാമിനറും തമ്മിൽ ആറു മാസം മുമ്പ് ആരംഭിച്ച തർക്കമാണ് കൂട്ടസസ്പെൻഷനിൽ കലാശിച്ചത്.

കുടുങ്ങിയത് പാവങ്ങൾ

സസ്പെൻഷനിലായ ലാബ് അസിസ്റ്റന്റുമാർ താഴ്ന്ന ഗ്രേഡിലുള്ളവരാണ്. എട്ടിൽ ഏഴുപേർക്കും വിരമിക്കാൻ ഏതാനും വർഷങ്ങൾ മാത്രമേയുള്ളൂ. ഇവരിൽ ജൂനിയറായ ഉന്നതവിദ്യാഭ്യാസമുള്ള യുവാവാണ് പുതിയ സർക്കുലറിലെ നിർദേശങ്ങൾ സർവീസ് മാനുവലിന് വിരുദ്ധമാണെന്ന് കാട്ടി പരാതി തയ്യാറാക്കിയത്. ഒരേ പരാതിയിൽ വെവ്വേറെ പേരുകൾ രേഖപ്പെടുത്തി സമർപ്പിക്കുകയായിരുന്നു. പരാതിയുടെ ഗൗരവം മനസിലായില്ലെന്നും അബദ്ധത്തിൽപ്പെട്ടുപോയതാണെന്നും

സസ്പെൻഷനിലായ ഒരാൾ പറഞ്ഞു.