കൊച്ചി : കാൻസർ രോഗികളുടെ ചികിത്സയ്ക്കും സംരക്ഷണത്തിനും നാല്പതു കോടി രൂപയുടെ പദ്ധതികൾ വൈസ് മെൻ ഇന്റർനാഷണലിന്റെ ഇന്ത്യൻ ഏരിയ ഈവർഷം നടപ്പാക്കും. ചികിത്സ, പാലിയേറ്റീവ് പരിചരണം, മരുന്നുവിതരണം തുടങ്ങിയ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് നിയുക്ത പ്രസിഡന്റ് വി.എ. തങ്കച്ചൻ അറിയിച്ചു.

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഈമാസം 30 ന് വൈകിട്ട് അഞ്ചിന് നെടുമ്പാശേരി സാജ് എർത്ത് റിസോർട്ടിൽ നടക്കും. ഇന്ത്യൻ ഏരിയ പ്രസിഡന്റ് കെ.സി. സാമുവൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് അന്താരാഷ്ട്ര പ്രസിഡന്റ് മൂൺസാങ് ബോങ് ഉദ്ഘാടനം ചെയ്യും.

ഈവർഷം നടപ്പാക്കുന്ന സേവന പദ്ധതികളുടെ ഉദ്ഘാടനം അന്താരാഷ്ട്ര ട്രഷറർ ഫിലിപ്പ്സ് ചെറിയാൻ നിർവഹിക്കും. അന്താരാഷ്ട്ര സെക്രട്ടറി ജനറൽ ജോസ് വർഗീസ് പങ്കെടുക്കും.

ഇന്ത്യൻ ഏരിയ പ്രസിഡന്റായി വി.എ. തങ്കച്ചൻ, സെക്രട്ടറിയായി ഡോ. ജോസഫ് മനോജ്, ട്രഷററായി ജോമി പോൾ, ബുള്ളറ്റിൻ എഡിറ്ററായി പ്രൊഫ.എൻ.പി. വർഗീസ് തുടങ്ങിയവർ സ്ഥാനമേൽക്കും.