കൊച്ചി: ഗോശ്രീ റോഡിൽ ഡി.പി വേൾഡിന് മുൻവശം ഫ്‌ളൈഓവറിൽ കണ്ടെത്തിയ തകരാർ പരിഹരിച്ച് സുരക്ഷിതത്വം വിലയിരുത്തിയശേഷം ഗതാഗതം പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. പാലം സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലത്തിന്റെ തകരാർ പഠിച്ച് വേണ്ട നടപടികൾ നിർദ്ദേശിക്കാൻ വിദഗ്ദ്ധർ എത്തിയിട്ടുണ്ട്. അവരുടെ നിർദ്ദേശപ്രകാരം ബന്ധപ്പെട്ട ഏജൻസികൾ തുടർ നടപടികൾ സ്വീകരിക്കും. പാലവുമായി ബന്ധപ്പെട്ട് കൊച്ചി തുറമുഖട്രസ്റ്റ്, ദേശീയപാത അതോറിട്ടി എന്നീ ഏജൻസികൾ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
കഴിഞ്ഞദിവസം പാലത്തിൽ വിള്ളൽ കണ്ടെത്തിയതോടെ ഗതാഗതം നിരോധിച്ചിരുന്നു. എറണാകുളത്തു നിന്ന് വൈപ്പിനിലേക്ക് പോകുന്ന വാഹനങ്ങൾ ഫ്ളൈഓവറിന്റെ വലതുഭാഗത്തുള്ള റോഡിലൂടെ തിരിച്ചുവിട്ടു. ഫ്ളൈഓവറിന്റെ കിഴക്കു ഭാഗത്തെ അപ്രോച്ച് റോഡിൽ പാലത്തോട് ചേരുന്ന ഭാഗത്ത് നിർമ്മിച്ചിട്ടുള്ള സ്‌പാനാണ് താഴോട്ടിരുന്ന് കുറുകെ വിള്ളൽ വീണത്. ഇതിലൂടെ വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നുണ്ട്. പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെടട് പോർട്ട്ട്രസ്‌റ്റും ദേശീയപാത അതോറിട്ടിയും തമ്മിൽ തർക്കമുണ്ട്.