നഗരസഭാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി
നിർമ്മാണം 25 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും
കൊച്ചി: തേവര ജംഗ്ഷനെ തേവര ഫെറിയുമായി ബന്ധിപ്പിക്കുന്ന പണ്ഡിറ്റ് കറുപ്പൻ റോഡിന്റെ പുനർനിർമാണം തുടങ്ങി. ഇന്നലെ ഉച്ചയോടെ തേവര ഫെറി റോഡിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച കളക്ടർ എസ്. സുഹാസ് റോഡിന്റെ ചുമതലയുള്ള കോർപ്പറേഷൻ അധികൃതരെ വിളിച്ചുവരുത്തി നിർമാണം പുനരാരംഭിക്കാൻ കർശന നിർദ്ദേശം നൽകുകയായിരുന്നു. 25 ദിവസത്തിനുള്ളിൽ റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.
വാട്ടർ അതോറിട്ടി പൈപ്പിടുന്നതിനായി കഴിഞ്ഞ ജനുവരിയിലാണ് തേവര റോഡിൽ കുഴിയെടുത്തത്. പൈപ്പ് സ്ഥാപിച്ചതിനുശേഷം കുഴി മണ്ണിട്ടുമൂടിയെങ്കിലും ടാർ ചെയ്തില്ല. സേക്രഡ് ഹാർട്ട് കോളേജും ഹയർ സെക്കൻഡറി സ്‌കൂളും അടക്കം നിരവധി സ്ഥാപനങ്ങളും ആരാധനാലയങ്ങളുമുള്ള റോഡിന്റെ സ്ഥിതി സംബന്ധിച്ച് നിരവധി പരാതികളാണ് കളക്ടർക്ക് ലഭിച്ചിരുന്നത്. കാൽനട യാത്ര പോലും ബുദ്ധിമൂട്ടിലായ റോഡിൽ അപകടങ്ങളും പതിവായിരുന്നു. നിരവധി പരാതി നൽകിയെങ്കിലും നഗരസഭ റോഡ് നന്നാക്കാൻ ശ്രമിച്ചിരുന്നില്ല.