ആലുവ: സഹോദരൻ അയ്യപ്പന്റെ സഹധർമ്മിണി പാർവ്വതി അയ്യപ്പന്റെ നേതൃത്വത്തിൽ തോട്ടുമുഖത്ത് ആരംഭിച്ച ശ്രീനാരായണഗിരി സേവിക സമാജത്തിൽ അശരണരായ കുട്ടികളുടെ സംരക്ഷണത്തിനായി രണ്ടര കോടി രൂപ ചെലവിൽ ഡോർമിറ്ററിയുടെ നിർമ്മാണം ആരംഭിച്ചു.
ഇന്നലെ രാവിലെ പ്രത്യേക ചടങ്ങുകളൊന്നും ഇല്ലാതെ ശ്രീനാരായണഗിരി ഭാരവാഹികളുടെയും പ്രമുഖരുടെയുമെല്ലാം സാന്നിദ്ധ്യത്തിലായിരുന്നു തുടക്കം.
മൂന്ന് നിലകളിലായി 100 പെൺകുട്ടികൾക്ക് ഒരേസമയം താമസിക്കാൻ കെട്ടിടത്തിൽ സൗകര്യമുണ്ടാകും. സുമനസുകളുടെ സഹായത്തോടെയാണ് നിർമ്മാണം.
1964ലാണ് തോട്ടുമുഖം - കീഴ്മാട് റോഡിൽ കീരംകുന്നിന് സമീപം വാത്മീകി കുന്നിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ശ്രീനാരായണ ഗിരി സേവിക സമാജം ആരംഭിച്ചത്. ഉറ്റവരും ഉടയവരുമില്ലാത്ത ആയിരക്കണക്കിന് സ്ത്രീകൾക്ക് അഭയകേന്ദ്രമാണ് ശ്രീനാരായണ ഗിരി.
അന്തേവാസികളായ 65 യുവതികൾക്ക് ശ്രീനാരായണ ഗിരിയുടെ തിരുമുറ്റത്ത് മംഗല്യമൊരുക്കി. പഠനം പൂർത്തീകരിച്ചവർക്ക് ഗിരിയുടെ ഉടമസ്ഥതയിലുള്ള വിവിധ യൂണിറ്റുകളിൽ തൊഴിൽ നൽകി വരുന്നു. കൂടുതൽ പേർക്ക് താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഡോർമിറ്ററി നിർമ്മിക്കുന്നത്.
ജസ്റ്റിസ് ദമ്പതികളായ കെ. സുകുമാരൻ, കെ.കെ. ഉഷ, പ്രൊഫ. എം.കെ. സാനു, ശ്രീനാരായണ ഗിരി സേവിക സമാജം സെക്രട്ടറി അഡ്വ. സീമന്തിനി ശ്രീവത്സൻ, വൈസ് പ്രസിഡന്റ് ഷേർളി പ്രസാദ്, ജോയിന്റ് സെക്രട്ടറി ജഗത്തല രാജൻ, ട്രഷറർ സുനിത അനിൽകുമാർ, വൈദ്യുതി ബോർഡ് മുൻ ചെയർമാൻ മനോഹരൻ, ഡോ. കെ.പി. അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.