 എൽ.ഡി.എഫിന്റെ അനിശ്‌ചിതകാല സത്യാഗ്രഹ സമരത്തിന് തുടക്കമായി

കൊച്ചി:പാലാരിവട്ടം ഫ്‌ളൈഓവർ നിർമാണത്തിലെ അഴിമതിയിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഒന്നാം പ്രതിയാക്കി അന്വേഷണം നടത്തണമെന്ന് എൽ.ഡി.എഫ‌് കൺവീനർ എ.വിജയരാഘവൻ ആവശ്യപ്പെട്ടു. പാലം നിർമാണത്തിലെ അഴിമതിയിൽ എം.എൽ.എക്കെതിരെ സമഗ്ര അന്വേഷണം നടത്തുക, പുനർനിർമാണത്തിന്റെ ചെലവ‌് എം.എൽ.എയിൽ നിന്ന‌് ഈടാക്കുക, ഇബ്രാഹിംകുഞ്ഞ‌് എം.എൽ.എ സ്ഥാനം രാജിവയ‌്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച‌് എൽ.ഡി.എഫ‌് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അനിശ‌്ചിതകാല സത്യാഗ്രഹം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പാലം നിർമാണത്തിലെ അഴിമതിക്കു പിന്നിലെ കുറ്റവാ‌ളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതുവരെ എൽ.ഡി.എഫ‌് സമരവുമായി മുന്നോട്ടുപോകുമെന്നും വിജയരാഘവൻ പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു അദ്ധ്യക്ഷത വഹിച്ചു.

ഇന്നലെ രാവിലെ കലൂർ സ‌്റ്റേഡിയത്തിനു മുന്നിൽ നിന്ന‌് പ്രകടനമായെത്തിയ നേതാക്കളും പ്രവർത്തകരും പാലത്തിൽ റീത്ത് അർപ്പിച്ചു. നൂറുകണക്കിന‌് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. രാജീവ‌്, ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ,ജനതാദൾ എസ‌് ജില്ലാ പ്രസിഡന്റ‌് സാബു ജോർജ‌്, എൻ.സി.പി സംസ്ഥാന സെക്രട്ടറി വി.ജി. രവീന്ദ്രൻ, എൽ.ജെ.ഡി ജില്ലാ സെക്രട്ടറി എ.ശ്രീധരൻ, ജനാധിപത്യ കേരള കോൺഗ്രസ‌് ജില്ലാ പ്രസിഡന്റ‌് ഷൈസൺ മാങ്ങഴ, കേരള കോൺഗ്രസ‌് സ‌്കറിയ തോമസ‌് വിഭാഗം ജില്ലാ പ്രസിഡന്റ‌് വർഗീസ‌് മൂലൻ, ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ‌് എ. മുഹമ്മദ‌് നജീബ‌്, കേരള കോൺഗ്രസ‌് ബി ജില്ലാ പ്രസിഡന്റ‌് അനിൽ ജോൺ എന്നിവർ നേതൃത്വം നൽകി. എൽ.ഡി.എഫ‌് ജില്ലാ കൺവീനർ ജോർജ‌് ഇടപ്പരത്തി സ്വാഗതവും മനോജ‌് പെരുമ്പിള്ളി നന്ദിയും പറഞ്ഞു.