കൊച്ചി : സ്ഥലമിടപാട് അന്വേഷണവുമായി ബന്ധപ്പെട്ട് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ജേക്കബ് മനത്തോടത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ എറണാകുളം അങ്കമാലി അതിരൂപത നിഷേധിച്ചു. സത്യവിരുദ്ധവും അപലപനീയമാണെന്ന് അതിരൂപത വക്താവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
റോമിൽ നിന്നു നിയമിക്കപ്പെട്ട അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ നിഷ്പക്ഷമായും നീതിപൂർവകമായും പ്രവർത്തിക്കുന്നത്. നിയമന ഉത്തരവനുസരിച്ച് അതിരൂപതയിലെ സാമ്പത്തിക, ഭൂമി ഇടപാടുകളെക്കുറിച്ച് പഠിച്ചു റിപ്പോർട്ട് നൽകാൻ ഡോ. ജോസഫ് ഇഞ്ചോടിയുടെ നേതൃത്വത്തിൽ കമ്മിറ്റിയെയും കെ.പി.എം.ജിയെയും മനത്തോടത്ത് നിയമിച്ചു. സമിതികളുടെ പ്രവർത്തനങ്ങളിൽ അതിരൂപതയോ വൈദികരോ വ്യക്തികളോ ഇടപെടുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. റിപ്പോർട്ട് റോമിലെ പൗരസ്ത്യ തിരുസംഘത്തിന് മനത്തോടത്ത് കൈമാറി.
മനത്തോടത്തിനെതിരെ ചിലർ നടത്തുന്ന ദുരുദ്ദേശപരവും തെറ്റിദ്ധാരണാജനകവുമായ പ്രചാരണങ്ങൾ സഭയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കു തടസം സൃഷ്ടിക്കുമെന്ന് അതിരൂപത അറിയിച്ചു.
സ്ഥലമിടപാട് അന്വേഷണത്തെ മനത്തോടത്ത് സ്വാധീനിച്ചെന്ന് കാലടി മറ്റൂർ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ആന്റണി പൂതവേലിൽ ആരോപിച്ചിരുന്നു. അതിരൂപതാ സുതാര്യ സമിതിയും പിന്തുണച്ച സാഹചര്യത്തിലാണ് സഭയുടെ വിശദീകരണക്കുറിപ്പ്.