കൊച്ചി : പ്രളയ ദുരിതാശ്വാസത്തിനുള്ള അപേക്ഷകളുടെ നിലവിലെ സ്ഥിതി കളക്ടർമാരുടെ വെബ്സൈറ്റിൽ ലഭ്യമാണെന്ന് ജനങ്ങളെ അറിയിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. എത്ര അപേക്ഷകൾ ലഭിച്ചു, എത്ര തീർപ്പാക്കി, അപ്പീലുകളെത്ര, എത്രയെണ്ണം അനുവദിച്ചു എന്നീ വിവരങ്ങൾ വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നൽകാനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. ദുരിതാശ്വാസ സഹായം ലഭ്യമാക്കാൻ ഹൈക്കോടതി ഇടപെടണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിക്കുന്ന ഒരുകൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴാണ് ഡിവിഷൻബെഞ്ച് ഇൗ നിർദ്ദേശം നൽകിയത്.
പ്രളയ ദുരിതാശ്വാസ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം 2018 ഡിസംബർ 31 ൽ നിന്ന് ജനുവരി 31 വരെ നീട്ടിയിരുന്നു. ഇതിനുശേഷവും പരാതികൾ ലഭിച്ചെന്നും അപേക്ഷ സ്വീകരിക്കുന്ന അവസാനത്തീയതി ജൂൺ 30 വരെ നീട്ടിയെന്നും സർക്കാർ അറിയിച്ചു. ഇൗ അപേക്ഷകളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വെബ്സൈറ്റിൽ നിന്നറിയാനാവുമോയെന്ന് ഡിവിഷൻബെഞ്ച് വാക്കാൽ ചോദിച്ചു. തുടർന്നാണ് ഇതിനായി നടപടി വേണമെന്ന് നിർദ്ദേശിച്ചത്.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ഇതുവരെ സ്വീകരിച്ച നടപടികൾ അഡി. അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു. ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ വൈകിക്കിട്ടിയ അപേക്ഷകൾ പഞ്ചായത്തുകളുടെ റിപ്പോർട്ടിന് വിട്ടെന്നും എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ സമയം കഴിഞ്ഞ് ലഭിച്ച അപേക്ഷകൾ തുറക്കാതെ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. മാർച്ച് 31 വരെ ലഭിച്ച അപേക്ഷകൾ നിലവിലെ നടപടിക്രമങ്ങൾ പ്രകാരം തീർപ്പാക്കും. ശേഷിച്ചവ വിദഗ്ദ്ധർ മുഖേന ജില്ലാ കളക്ടർ തീർപ്പാക്കുമെന്നും സർക്കാർ വിശദീകരിച്ചു.
പുതിയ കണക്കുകൾ
പൂർണമായും വീടു തകർന്ന കേസുകളിലെ
അപ്പീൽ (ജനുവരി 31 വരെ ലഭിച്ചത്) - 34,768
തീർപ്പാക്കിയത് - 34,277
അപ്പീൽ അനുവദിച്ചത് - 2,013
ഭാഗികമായി തകർന്ന വീടുകൾ (അപ്പീൽ ഉൾപ്പെടെ) - 2,54,597
സഹായം ലഭിച്ചവർ - 2,40,894
15 ശതമാനത്തിൽ താഴെ നാശം സംഭവിച്ച വീടുകൾ - 1,30,168
ഇതിൽ സഹായം ലഭിച്ചവർ - 1,25,426