മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു. മൂവാറ്റുപുഴയിൽ 25 ലേറെ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആവോലി, കല്ലൂർക്കാട് , മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതൽ. ഇടവിട്ട് പെയ്യുന്ന മഴയിൽ പലേടത്തും വെള്ളംകെട്ടിക്കിടക്കുന്നതിനാൽ കൊതുക് പെരുകുകയാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്. പുകയ്ക്കൽ, ഉറവിട നശീകരണം, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയും നടന്നുവരുന്നു.
കഴിഞ്ഞദിവസം ജില്ലാ പ്രോഗ്രാം ഓഫീസർ മൂവാറ്റുപുഴയിൽ എത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഇന്നലെ അഡീഷണൽ ഡി.എം.ഒയുടെ നേതൃത്വത്തിൽ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ സന്ദർശനം നടത്തി സാഹചര്യങ്ങൾ വിലയിരുത്തും. വൈറൽ പനിബാധിതരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
പനി ബാധിതരുടെ
എണ്ണം കൂടുതൽ
മാറാടി, വാളകം, ആരക്കുഴ, പായിപ്ര പഞ്ചായത്തുകളിൽ ഡെങ്കിപ്പനി കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇവിടെയും വൈറൽ പനി വ്യാപകമാണ്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആരംഭിച്ചിരിക്കുന്ന പനി ക്ലിനിക്കിൽ നൂറുകണക്കിന് രോഗികളാണ് ദിവസവും ചികിത്സതേടി എത്തുന്നത്. സ്വകാര്യ ആശുപത്രികളിലും നൂറുകണക്കിന് പേർ ചികിത്സ തേടിയെത്തുന്നു.
കൊതുക് വളരാൻ അനുകൂല സാഹചര്യം
മഴ കുറഞ്ഞതാണ് ഡെങ്കി പടരാൻ ഇടയാക്കിയത്. മഴ ശക്തിപ്പെടുന്നതോടെ കൊതുകുകൾക്ക് പെരുകാനുള്ള സാഹചര്യം ഇല്ലാതാകുമായിരുന്നു. എന്നാൽ ഇത്തവണ ഡെങ്കിപ്പനി ബാധയ്ക്ക് കാരണമായ ഈഡിസ് കൊതുകുകൾക്ക് വളരാനുള്ള സാഹചര്യം ഏറെയാണ്. ഇടവിട്ട് മഴ പെയ്യുന്നതിനാൽ കൂടുതൽ സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കും. നാലോ അഞ്ചോ ദിവസേ കൊണ്ട് കൊതുകുകൾ മുട്ടയിട്ട് പെരുകും. എലിപ്പനിക്കുള്ള സാദ്ധ്യതയും വർദ്ധിച്ചിട്ടുണ്ട്. വീടുകളുടെ പരിസര പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കണമെന്നും മാലിന്യങ്ങൾ വലിച്ചെറിയാതെ പരിസര ശുചീകരണകാര്യത്തിൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്നു.