കൊച്ചി: രക്തപതാകയുമായി കലൂർ സ്‌റ്റേഡിയത്തിന് മുന്നിൽ നിന്നൊരു മാർച്ച്. മിക്കവരുടെയും കൈയിൽ റീത്ത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനുമെതിരെയാണ് മുദ്രാവാക്യങ്ങൾ, മുൻ നിരയിൽ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ്, ജില്ലാ സെക്രട്ടസി സി.എൻ.മോഹനൻ, സി.പി.എം ജില്ലാസെക്രട്ടറി പി.രാജു ഉൾപ്പെടെയുള്ള നേതാക്കൾ.
വഴിയരികിൽ നിന്നവർക്ക് ആശ്‌ചര്യം. പലരും കാര്യങ്ങൾ തിരക്കുന്നുണ്ടായിരുന്നു. പാലാരിവട്ടം ഫ്‌ളൈഓവറിന് മുകളിൽ മാർച്ച് എത്തിയപ്പോൾ ഉമ്മൻചാണ്ടിയുടെയും ഇബ്രാഹിംകുഞ്ഞിന്റെയും ചിത്രങ്ങൾ പതിപ്പിച്ച ശവപ്പെട്ടി. നേതാക്കൾ ഓരോരുത്തരായി പെട്ടിക്ക് മുകളിൽ റീത്ത് സമർപ്പിച്ചു തുടങ്ങി. നിമിഷങ്ങൾക്കകം 70 ലധികം റീത്തുകൾ. എല്ലാത്തിലും ആദരാഞ്ജലികൾ എന്ന് എഴുതിയിരുന്നു.
പാല നിർമ്മാണത്തിലെ അഴിമതിക്കെതിരെ ഡിവൈ.എഫ്.ഐയാണ് ആദ്യം റീത്ത് സമരം തുടങ്ങിയത്. എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ ആരംഭിച്ച അനിശ്‌ചിതകാല സമരത്തിന്റെ തുടക്കമായിരുന്നു റീത്തുമായുള്ള മാർച്ച്. അടുത്ത ദിവസങ്ങളിൽ ലോംഗ് മാർച്ചാണ് പദ്ധതി. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ സ്ഥാനം രാജിവയ്‌ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്. ഇ. ശ്രീധരൻ പാലത്തിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾക്കായി കാത്തിരിക്കുകയാണ് സർക്കാർ.