# എടത്തലയിൽ തപാൽ വിതരണം പ്രതിസന്ധിയിൽ

കിഴക്കമ്പലം: പുക്കാട്ടുപടി, എടത്തല പ്രദേശങ്ങളിൽ തപാൽ വിതരണം താറുമാറായി. എടത്തല പോസ്​റ്റോഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.

2017 നവംബർ മുതൽ ഇതാണ് അവസ്ഥ. പോസ്​റ്റ്മാൻ തസ്തിക നേരത്തെ നിർത്തലാക്കിയിരുന്നു. പകരം ഗ്രാമീൺ ഡാക് സേവക് ജീവനക്കാരനെ നിയമിച്ചതോടെ ഫലത്തിൽ മുഴുവൻ സമയ പോസ്​റ്റുമാൻ ഈ പോസ്‌​റ്റോഫീസിൽ ഇല്ലാതായി.

നിലവിൽ രണ്ടു ഗ്രാമീൺ ഡാക് സേവക് ജീവനക്കാരുടെ തസ്തികയാണ് തപാൽ വിതരണത്തിനുള്ളത്. അതിൽ ഒരാൾ 2017ൽ മരിച്ചു. അവശേഷിച്ച ജീവനക്കാരി 2019ൽ പ്രസവാവധിയിൽ പ്രവേശിച്ചു. ഇപ്പോൾ തപാൽ വിതരണം നാമ മാത്രമാണ്.

രണ്ടു തസ്തികകളിലും പുറത്തുനിന്ന് 300 രൂപ ദിവസക്കൂലിക്ക് പോസ്റ്റ്മിസ്‌ട്രസിന്റെചുമതലയിൽ രണ്ടുപേരെ നിയോഗിച്ചാണ് തപാൽ വിതരണം നടത്താൻ ശ്രമിച്ചത്. കുറഞ്ഞ കൂലിക്ക് ആളുകളെ കിട്ടാനില്ലാത്ത സാഹചര്യത്തിൽ നിലവിൽ നിയോഗിക്കപ്പെട്ടവർ അവരുടെ സമയവും സൗകര്യവും പോലെ ഓഫീസിൽ വന്ന് തന്നിഷ്ട പ്രകാരം തപാൽ വിതരണം നടത്തി മടങ്ങുകയാണ്.

നിരവധി തപാൽ ഉരുപ്പടികളാണ് ഓഫീസിൽ കെട്ടിക്കി​ടക്കുന്നത്. ഓഫീസിൽ ചോദിച്ചെത്തുന്നവർക്ക് പോലും അവരുടെ തപാൽ നോക്കി എടുത്തുകൊടുക്കാനുള്ള സംവിധാനവും ഇല്ലാതായി.
ജോലിക്കുള്ള ടെസ്​റ്റ് മെമ്മോകൾ, ഇന്റർവ്യൂ കാർഡുകൾ, ആധാർ കാർഡുകൾ മ​റ്റ് വിലപിടിച്ച തപാൽ ഉരുപ്പടികൾ ഒന്നും യഥാസമയം വിലാസക്കാർക്ക് കിട്ടുന്നില്ലെന്ന പരാതിയും ശക്തമാണ്. ഇതേച്ചൊല്ലി പലപ്പോഴും പോസ്​റ്റ് ഓഫീസിൽ സംഘർഷാന്തരീക്ഷവും ഉണ്ടാകാറുണ്ട്.
കൊച്ചിയുടെ ഉപനഗരമായി അനുദിനം വികസിക്കുകയും പതിനായിരക്കണക്കിന് ആളുകൾ കുടിയേറി പാർക്കുകയും ചെയ്യുന്നതാണ് കിഴക്കമ്പലം, എടത്തല പ്രദേശങ്ങൾ. വർദ്ധിച്ച തപാൽ ആവശ്യങ്ങൾ പരിഗണിച്ച് നിർത്തലാക്കിയ പോസ്​റ്റുമാൻ തസ്തിക പുന:സ്ഥാപിക്കാതെ കാര്യങ്ങൾ സുഗമമാവില്ല.