മൂവാറ്റുപുഴ: പ്രളയ ദുരിതാശ്വാസത്തിലും പുനരധിവാസത്തിലും സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയതിനാൽ പ്രത്യേക ദൗത്യസംഘത്തെ കേന്ദ്രം അയക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ ജില്ലയാണ് ഇടുക്കി. എന്നാൽ അതിനനുസരിച്ചുള്ള പരിഹാരം നൽകാൻ സംസ്ഥാന സർക്കാരിനായില്ല. നാശനഷ്ടങ്ങൾ വേണ്ട വിധത്തിൽ കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ പക്ഷാഭേദം വച്ചാണ് നഷ്ടപരിഹാര ആനുകൂല്യങ്ങൾ ഇപ്പോഴും വിതരണം ചെയ്യുന്നത്. ആയിരക്കണക്കിനാളുകളുടെ വീടും വസ്തുവകകളും നഷ്ടപ്പെട്ടിരിക്കുകയാണ്. ഭാഗികമായി തകർന്ന വീടുകളിലും സംരക്ഷണഭിത്തികൾ നിർമ്മിക്കാതെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലുമാണ് ഇപ്പോഴും ആളുകൾ താമസിക്കുന്നത്.
വീണ്ടുമൊരു മഴക്കാലമെത്തിയിട്ടും വീണ്ടും നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ ഒന്നും എടുത്തിട്ടില്ല. അതിനാൽ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും പ്രത്യേകമായി സ്ഥിതി വിവരങ്ങൾ വിലയിരുത്തി നാശനഷ്ടങ്ങൾ കണക്കാക്കുന്നതിനായി പ്രത്യേക ദൗത്യസേനയെ അയച്ച് പ്രളയത്തിലും പ്രകൃതിദുരന്തത്തിലും ഇരകളായവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.