കാലടി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ മുന്നിൽ 1964 ൽ സ്ഥാപിച്ച ഗാന്ധി പ്രതിമയോട് കോൺഗ്രസുകാർ അനാദരവ് കാട്ടിയെന്ന് മഞ്ഞപ്ര സി.പി.എം ലോക്കൽ കമ്മിറ്റി ആരോപിച്ചു. ഇന്ന് രാവിലെ 9.30ന് സി.പി.എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ. പി ജേക്കബ് അറിയിച്ചു. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് l968 വരെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്. ഇ.എം.എസ് ഗവൺമെന്റ് 25 സെന്റ് സ്ഥലം പഞ്ചായത്ത് ഓഫീസിൽ നിർമ്മാണത്തിനുവേണ്ടി അനുവദിക്കുകയും . 1968ൽ നിർമാണം പൂർത്തിയാക്കിയ പഞ്ചായത്തിന് മുന്നിൽ ഗാർഡനും ഗാന്ധി പ്രതിമയും സ്ഥാപിച്ചു. പൊതു ജനങ്ങൾക്ക് കയറുന്നതിനു വേണ്ടി തെക്കു പടിഞ്ഞാറ് ഭാഗത്തു നിന്നും മറ്റൊരു റോഡ് നിർമ്മിച്ചു. 2015ൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതി എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പഴയ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിച്ചപ്പോൾ ഗാന്ധിപ്രതിമ മാറ്റി. പ്രധാന ഗേറ്റ് അടച്ച് മതിൽ കെട്ടി. പുതിയ ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ മൂലയിലാണ് ഇപ്പോൾ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.ഇതിനെതിരെയാണ് അനാദരവ് കാട്ടിയെന്ന ആരോപണം ഉയർന്നിട്ടുള്ളത്.