കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ അന്യായ പരിശോധനയിൽ പ്രതിഷേധിച്ച് ജൂലായ് മുതൽ സംസ്ഥാന റോഡ് നികുതി അടക്കാതെ പ്രതിഷേധിക്കുമെന്ന് കോൺട്രാക്ട് കാരേജ് അസോസിയേഷൻ അറിയിച്ചു . ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന അന്യായ പിഴ ചുമത്തലിനെതിരെ അന്തർ സംസ്ഥാന ബസ് ഉടമകൾ നടത്തുന്ന സമരത്തിന് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സിസിന്റെ മറവിൽ വിവാഹത്തിനും വിനോദയാത്രകൾക്കും പോകുന്ന ടൂറിസ്റ്റ് വാഹനങ്ങൾ തടഞ്ഞിടുകയും എന്തെങ്കിലും കാരണം കണ്ടെത്തി 1000 മുതൽ 5000 വരെ പിഴ ചുമത്തുന്നതും തുടരുകയാണ്. ജൂലായ് 9, 10 തീയതികളിൽ ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം ടൂറിസ്റ്റ് ബസ് വ്യവസായത്തെ തകർക്കുന്ന ജി.പി.എസ് വിഷയമടക്കമുള്ള നിലപാടുകൾക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപംനൽകും.

രാത്രി സർവീസ് നടത്തുന്ന ബസ് ഉടമകളുടെ സമരം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചും അവരോടും അനുഭാവം പ്രകടിപ്പിക്കാനുമാണ് നികുതി നിഷേധ' 'ജി ഫോം ' സമരത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിനു ജോണും സെക്രട്ടറി പ്രശാന്തൻ വിശ്വശ്രീയും അറിയിച്ചു.