nagarasabha-parishothana
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ സ്പെഷ്യൽ സ്ക്വാഡ് വമിന്നൽ പരിശോധന നടത്തിയപ്പോൾ.

പറവൂർ : ഇതര സംസ്ഥാന തൊഴിലാളികളെ വൃത്തിഹീനമായ സാഹചര്യത്തിൽ പാർപ്പിച്ചിരുന്ന ഗേൾസ് ഹൈസ്കൂളിന് സമീപത്തെ കെട്ടിടങ്ങൾ അടച്ചുപൂട്ടാൻ നഗരസഭ നിർദ്ദേശം നൽകി. ഇന്നലെ നഗരസഭാ ചെയർമാന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. നഗരസഭ പല തവണ നോട്ടീസ് നൽകിയിട്ടും ശൗചാലയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കെട്ടിടങ്ങളിൽ ഏർപ്പെടുത്തിയിരുന്നില്ല. വൃത്തിഹീനമായ സാഹചര്യങ്ങളിൽ 75തൊഴിലാളികളെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കക്കൂസ് മാലിന്യം പരിസരങ്ങളിൽ പരന്നൊഴുകി കൊതുക്, ഈച്ച എന്നിവ പെരുകുന്ന സാഹചര്യമുണ്ട്. മറ്റ് മാലിന്യങ്ങൾ പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. പകർച്ചവ്യാധികൾ പിടിപെടുന്നതിനും സാദ്ധ്യതയുണ്ടായിരുന്നു. ശരിയായ വായുസഞ്ചാരം പോലും ഇല്ലാത്ത മുറികളിലാണ് ആളുകളെ പാർപ്പിച്ചിരുന്നത്. ജില്ലാ ഹെൽത്ത് സ്ക്വാഡ്, നഗരസഭാ ഹെൽത്ത് ടീം, പറവൂർ തഹസിൽദാർ, ലേബർ ഓഫീസർ, പൊലീസ്, മുനിസിപ്പൽ എൻജിനയർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. അനധികൃത കെട്ടിടങ്ങൾ പൊളിച്ചു കളയുന്നതുൾപ്പെടെയുള്ള തുടർ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും.ദുരന്തനിവാരണ വകുപ്പ് പ്രകാരം കെട്ടിട ഉടമക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും

കക്കൂസ് മാലിന്യം ശരിയായ മൂടിയില്ലാതെ കുഴിയിലേക്ക് ഒഴുക്കുന്നു

പരിസരത്തെ കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടുന്നു

വായുസഞ്ചാരം ഇല്ലാത്ത മുറികൾ