കൊച്ചി: മയക്കുമരുന്ന് വിപണന സംഘത്തിലെ പ്രധാനിയായ പുക്കാട്ടുപടി കുഴിവേലിപ്പടി കുർലാട് വീട്ടിൽചൂണ്ട സുനി എന്നറിയപ്പെടുന്ന അനീഷിനെ (30) എക്‌സൈസ് പിടികൂടി. മാനസിക വിഭ്രാന്തി നേരിടുന്നവർക്ക് നൽകുന്ന 60 നൈട്രോസെപാം ഗുളികളാണ് ഇയാൽ നിന്ന് കണ്ടെടുത്തത്. നിരവധി അടിപിടി കേസുകളിൽ പ്രതിയാണ്, വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ നാളുകളുകളായി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നെങ്കിലും പിടിയിലാകുന്നത് ആദ്യമാണ്.
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ. ചന്ദ്രപാലന്റെ മേൽനോട്ടത്തിൽ 'ഓപ്പറേഷൻ മൺസൂൺ' എന്ന പേരിൽ രൂപീകരിച്ച പ്രത്യേക ഷാഡോ സംഘമാണ് പിടികൂടിയത്. തമിഴ്നാട്ടിലെ സേലത്തു നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന ഗുളികകൾ 10 എണ്ണം 500 രൂപയ്‌ക്കാണ് വിറ്റിരുന്നത്. ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിൽ സാധനം എത്തിച്ചു കൊടുക്കും. 40 നൈട്രോസെപാം ഗുളികകൾ കൈവശം വയ്ക്കുന്നത് പത്ത് വർഷം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റമാണ്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എ. വാസുദേവൻ, പ്രസന്നൻ, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി.ടോമി, എൻ.ജി.അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിബിൽ, വിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.