പിറവം: കേരളത്തിലെ 12 വള്ളം കളികൾക്കായുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ പിറവം വള്ളംകളിയെക്കൂടി ഉൾപ്പെടുത്തി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ചുചേർത്ത സംഘാടക സമിതി യോഗത്തിൽ പിറവം വള്ളംകളിയെ കേരളാ ബോട്ട് റേസ് ലീഗിൽ ഉൾപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ് 10 ന് നെഹ്‌റു ട്രോഫി വള്ളം കളിയോടെയാണ് ബോട്ട് റേസ് ലീഗ് ആരംഭിക്കുന്നത്. ലീഗ് മത്സരങ്ങളിൽ മൂന്നാമത്തേതായി പിറവം വള്ളം കളി നടത്താൻ തീരുമാനമായെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. നവംബർ 1ന് നടക്കുന്ന കൊല്ലം പ്രസിഡന്റ്സ് ട്രോഫിയോടെ ലീഗ് മത്സരങ്ങൾ സമാപിക്കും.

പിറവത്ത് 31 ന് വൈകിട്ട് നാലിനാണ് വള്ളംകളി. ലീഗ് മത്സരങ്ങൾ 50 മിനിട്ടോളം നീണ്ടുനിൽക്കും. ബാക്കി സമയങ്ങളിൽ ജലമേളകളും മറ്റു പ്രാദേശിക മത്സരങ്ങളും നടക്കും. ലീഗിൽ 9 ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കും.
1980 കാലഘട്ടത്തിൽ സജീവമായിരുന്ന പിറവം വള്ളംകളി ഇടയ്ക്കുവെച്ച് നിന്നുപോയി. 2010 ൽ സാബു കെ. ജേക്കബിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി വള്ളംകളി വീണ്ടും നടത്തുകയായിരുന്നു. പിറവം വള്ളംകളി ഈ വർഷം വിനോദ സഞ്ചാര വകുപ്പിന്റെ ചാംബ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിനുംടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രനും പിറവം നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് നിവേദനം നൽകിയിരുന്നു.
5 വർഷം തുടർച്ചയായി നടത്തിയിരുന്ന വള്ളംകളി സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടുവർഷം നടന്നിരുന്നില്ല. കഴിഞ്ഞവർഷം ടൂറിസം ലീഗിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പ്രളയം കാരണം നടത്താനായില്ല. പുഴയിലെ ഒഴുക്കിനെതിരെ തുഴയുന്നു എന്നതിലൂടെ ശ്രദ്ധേയമായ പിറവം വള്ളംകളിയിൽ നെഹ്‌റു ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളും, വെപ്പ്, ഓടി എന്നീ വള്ളങ്ങളും പങ്കെടുത്തിരുന്നു. പിറവത്ത് സംഘാടക സമിതി യോഗം 29 ന് വിളിച്ചു ചേർക്കുമെന്ന് എം.എൽ.എ പറഞ്ഞു.