 കമ്മിഷനിംഗ് അടുത്തമാസം

 കൂറ്റനാട് വരെ എൽ.എൻ.ജി എത്തി

ഇടപ്പള്ളി: ഒട്ടേറെ ആശങ്കകൾക്കും പ്രതിസന്ധികൾക്കും ഇടയിലൂടെ ഇഴഞ്ഞുനീങ്ങിയ കൊച്ചി - മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതി ഒടുവിൽ കമ്മിഷനിംഗിന് ഒരുങ്ങി. ആദ്യപടിയായി കൊച്ചിയിൽ നിന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട് വരെ ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) കടത്തിവിട്ടു. 96 കിലോമീറ്റർ പിന്നിട്ട് തൃശൂർ, പാലക്കാട് അതിർത്തി വരെയെത്തി പ്രകൃതിവാതകം.

കൂറ്റനാട് മുതൽ മംഗളൂരുവരെ 350 കിലോമീറ്ററോളം വരുന്ന രണ്ടാമത്തെയും അവസാനത്തെയും ഘട്ടം ജൂലായ് അവസാനമോ ആഗസ്‌റ്റ് ആദ്യവാരമോ കമ്മിഷൻ ചെയ്യാനാകുമെന്ന് ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ (ഗെയിൽ) കൺസ്ട്രക്ഷൻ ജനറൽ മാനേജർ ടോണി മാത്യു പറഞ്ഞു.

നാലു ശതമാനം പണി മാത്രമാണ് അവശേഷിക്കുന്നത്. കുറ്റ്യാടി, ഏർവാഴഞ്ഞി, ചാലിയാർ, ചന്ദ്രഗിരി, നേത്രാവതി പുഴകളിലൂടെയുള്ള പൈപ്പിന്റെ അവസാനവട്ട പണികളാണിത്. കൂറ്റനാടുവരെ വാതകം വരുന്നുണ്ടെങ്കിലും തൃശൂർ, പാലക്കാട് പ്രദേശങ്ങളിലെ സാധാരണക്കാർക്ക് പ്രയോജനം ലഭിക്കില്ല. സിറ്റി ഗ്യാസ് പദ്ധതി ഇവിടങ്ങളിൽ നടക്കാത്തതാണ് കാരണം. പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾക്ക് പ്രയോജനം ചെയ്യും. പദ്ധതി പൂർണതോതിൽ നടപ്പാകുന്നതോടെ എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് ഗുണകരമാകും. വ്യവസായ സ്ഥാപനങ്ങൾക്ക് വലിയ ഇന്ധനലാഭവും ഗാർഹിക ഉപഭോക്താക്കൾക്ക് പൈപ്പ് ലൈനിലൂടെ പാചകവാതകവും ലഭിക്കും. വീടുകളിലേക്ക് ഗ്യാസ് കണക്ഷൻ നൽകുന്ന സിറ്റി ഗ്യാസ് പദ്ധതി നിലവിൽ കൊച്ചിയിൽ മാത്രമേ നാമമാത്രമായെങ്കിലും ആരംഭിക്കാനായിട്ടുള്ളൂ.

 പദ്ധതി ജനപ്രിയം

2010ൽ കേരളത്തിൽ അനുവദിച്ച പദ്ധതി പൂർത്തിയാകുമ്പോൾ ദശാബ്‌ദത്തിലേക്കെത്തുന്നു. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന്റെ തടസങ്ങൾ ആയിരുന്നു പ്രതിസന്ധി. സ്ഥലം ഏറ്റെടുക്കൽ തർക്കങ്ങൾ പലയിടത്തും സംഘർഷങ്ങളിലേക്കെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കർശന നടപടികളുമായി മുന്നോട്ടുവന്നതോടെ വേഗംവച്ചു.

കൊച്ചി നഗരത്തിൽ തുടക്കംകുറിച്ച സിറ്റി ഗ്യാസ് പദ്ധതി ജനപ്രിയമായെങ്കിലും വേണ്ടത്ര ലൈനുകൾ വിന്യസിക്കാൻ സാധിച്ചിട്ടില്ല. കുറഞ്ഞ ചെലവിൽ തടസം കൂടാതെ പൈപ്പിലൂടെ വാതകം ഏതുസമയത്തും ലഭിക്കും. എൽ.പി.ജിയേക്കാൾ സുരക്ഷിതവുമാണ്. അരലക്ഷത്തോളം അപേക്ഷകരാണ് കൊച്ചിയിൽ കാത്തിരിക്കുന്നത്.

 സുരക്ഷയ്ക്ക് പ്രത്യേക സംവിധാനങ്ങൾ

കൊച്ചി-മംഗളൂരു 444 കിലോമീറ്റർ പൈപ്പിലൂടെ പ്രകൃതി വാതകം ഒഴുകുമ്പോൾ പഴുതുകൾ അടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഗെയിൽ ഒരുക്കുന്നത്. 24 കിലോമീറ്റർ ഇടവിട്ട് വാൽവ് സ്‌റ്റേഷനുകളുണ്ട്. ചോർച്ച ഉണ്ടായാൽ ഉടൻ അടുത്തുള്ള വാൽവ് സ്‌റ്റേഷനിൽ വാൽവ് അടയും.

 ബംഗളൂരു ലൈനും പുരോഗമിക്കുന്നു

കൊച്ചി -മംഗളൂരു, കൂറ്റനാട് -ബംഗളൂരു പദ്ധതികൾക്ക് മൊത്തം ചെലവ് 5,751 കോടി രൂപയാണ്. 3,226 കോടി രൂപയാണ് മംഗളൂരു ലൈനിന് ചെലവ്. കൂറ്റനാട് -ബംഗളൂരുവിന് 2,525 കോടി രൂപയും.

കൂറ്റനാട് മുതൽ വാളയാർ വരെയും ഹൊസുർ- ബംഗളൂരു ഭാഗത്തും പൈപ്പിടൽ പുരോഗമിക്കുന്നു. ഡിസംബറോടെ ഇതും കമ്മിഷൻ ചെയ്യാനുള്ള നീക്കത്തിലാണ് ഗെയിൽ.