nehru-trophy

കൊച്ചി : ഐ.പി.എൽ ക്രിക്കറ്റ് മാതൃകയിൽ കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കിയുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) വരുന്നു. സംഘാടനത്തിന് പൊതുമേഖലയിൽ കമ്പനി രൂപീകരിക്കാൻ

ധനമന്ത്രി തോമസ് ഐസക്കും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കെടുത്ത യോഗത്തിൽ തീരുമാനമായി.

ആലപ്പുഴ പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളംകളിയോടെ 12 മത്സരങ്ങളുള്ള ലീഗിനു തുടക്കമാകും. കൊല്ലത്ത് അഷ്ടമുടിക്കായലിൽ പ്രസിഡന്റ്സ് ട്രോഫി മത്സരത്തോടെ ചാമ്പ്യൻഷിപ്പ് സമാപിക്കും. ടെലിവിഷൻ സംപ്രേഷണം, സ്പോൺസർഷിപ്പ്, പരസ്യം എന്നിവയാകും പ്രധാന വരുമാന മാർഗം. 40 കോടിയാണ് ആദ്യ ലക്ഷ്യം. ബോട്ട് ക്ളബുകൾ, തുഴച്ചിലുകാർ, ബോട്ട് ഉടമകൾ എന്നിവർക്കും ഓഹരി പങ്കാളിത്തം ലഭിക്കും.

ആഗസ്റ്റ് പത്തിനു തുടങ്ങി നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മത്സരങ്ങൾ അവസാനിക്കുന്ന വിധം ഈ സീസണും യോഗത്തിൽ നിശ്ചയിച്ചു. ഓണക്കാലം ഉൾപ്പെടുന്ന ആഗസ്റ്റ് , സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ 12 മത്സരങ്ങളുണ്ട്. ഒൻപത് ടീമുകൾ പ്രഥമ ലീഗിൽ മാറ്റുരയ്ക്കും. ലീഗ് വിജയിക്ക് 25 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയുമാണ് സമ്മാനത്തുക.

6 ജില്ലകൾ

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് ലീഗ് മത്സരങ്ങൾ. വാരാന്ത്യങ്ങളിൽ ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക് തുടങ്ങി അഞ്ചിന് അവസാനിക്കും.

3 മാസം 12 മത്സരങ്ങൾ

ആഗസ്റ്റ് 10 - നെഹ്റു ട്രോഫി, പുന്നമടക്കായൽ, ആലപ്പുഴ

ആഗസ്റ്റ് 17 - പുളിങ്കുന്നം, ആലപ്പുഴ

ആഗസ്റ്റ് 26 - താഴത്തങ്ങാടി, കൊല്ലം

ആഗസ്ത് 31 - പിറവം, എറണാകുളം

സെപ്തംബർ 7 - മറൈൻ ഡ്രൈവ്, എറണാകുളം

സെപ്തംബർ 4 - കോട്ടപ്പുറം, തൃശൂർ

സെപ്തംബർ 21 - പൊന്നാനി, മലപ്പുറം

സെപ്തംബർ 28 - കൈനകരി, ആലപ്പുഴ

ഒക്ടോബർ 5 - കരുവാറ്റ, ആലപ്പുഴ

ഒക്ടോബർ 12 - കായംകുളം, ആലപ്പുഴ

ഒക്ടോബർ 19 - കല്ലട, കൊല്ലം

നവംബർ 1 - പ്രസിഡൻസി ട്രോഫി, അഷ്ടമുടി, കൊല്ലം