കൊച്ചി : ജുഡീഷ്യൽ കമ്മിഷനുകൾ ജനങ്ങളുടെ നികുതിപ്പണം പാഴാക്കുകയാണെന്ന് ജസ്റ്റിസ് ബി. കെമാൽപാഷ പറഞ്ഞു. വിരമിച്ച് 75 വയസ് കഴിഞ്ഞ ജഡ്‌ജിമാർ പോലും കമ്മിഷനുകളെന്ന പേരിൽ വിധിയെഴുതുകയാണ്. ജഡ്‌ജിമാർ സ്ഥാനമൊഴിഞ്ഞ ശേഷം മൂന്ന് വർഷത്തേക്കെങ്കിലും സർക്കാർ പദവികൾ സ്വീകരിക്കരുതെന്ന നിലപാടിൽ താൻ ഉറച്ചു നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച കെ.ടി. ചാണ്ടി സ്മാരക പ്രഭാഷണത്തിൽ 'കോർപ്പറേറ്റ് ഗവേണൻസ് ആൻഡ് എത്തിക്‌സ് ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പദവികൾക്കായി സർക്കാരിന് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നവരെ തനിക്കറിയാം. ജനസേവനമല്ല, അധികാര കസേരയോടുള്ള ആർത്തിയാണ് അവരെ പ്രേരിപ്പിക്കുന്നത്. അമേരിക്കൻ മാതൃകയിലുള്ള വിരമിക്കൽ പദ്ധതി നടപ്പാക്കിയാൽ ചില ജഡ്‌ജിമാർ മരണക്കിടക്കയിൽ പോലും വിധിന്യായങ്ങൾ എഴുതും.
നിയമം കർശനമായി നടപ്പാക്കിയാൽ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിന് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ട്. കൃത്യമായി നിയമം വ്യാഖ്യാനിച്ചാൽ എല്ലാവർക്കും നീതി ലഭ്യമാകണമെന്നില്ല. കീടനാശിനി കമ്പനിയുടെ നടത്തിപ്പ് ധാർമ്മികമായി ശരിയാണോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ കഴിയില്ല. 350 കോടി രൂപയോളം പ്രതിവർഷം നികുതി നൽകുന്ന കമ്പനിയുടെ താത്പര്യങ്ങളാണ് നിസ്സഹായരായ ജനങ്ങളുടെ താത്പര്യത്തേക്കാൾ സർക്കാരിന് വലുത്. എൻഡോസൾഫാൻ വിഷയത്തിൽ ഇത് കണ്ടതാണ്. ഇത്തരം വിഷയത്തിൽ ധാർമ്മികത,നീതി തുടങ്ങിയവ കൃത്യമായി വിവക്ഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം.എ മുൻ പ്രസിഡന്റ് എസ്.ആർ. നായർ അദ്ധ്യക്ഷത വഹിച്ചു. എൽ. നിർമ്മല, ഡോ. തോമസ് ചാണ്ടി, ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു.