കൊച്ചി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കൊച്ചി കോർപ്പറേഷന് നികുതി പിരിവിലെ അനാസ്ഥ മൂലം 23 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രതിപക്ഷം. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് കോർപ്പറേഷൻ പാട്ടത്തിന് നൽകിയ ഭൂമിയിലുള്ള കെട്ടിടങ്ങളുടെ നികുതി 1998ന് ശേഷം പുതുക്കി നിശ്ചയിച്ചിട്ടില്ല. ഈ ഇനത്തിലാണ് വരുമാനനഷ്ടം.
1973ലാണ് കോർപ്പറേഷനും പോർട്ട് ട്രസ്റ്റുമായി കരാറിൽ ഏർപ്പെട്ടത്. വസ്തുനികുതി കണക്കാക്കിയതിന്റെ 25 ശതമാനം മാത്രം ഈടാക്കിയാൽ മതിയെന്നായിരുന്നു വ്യവസ്ഥ. 93 വരെ ഈ രീതി തുടർന്നു. 2000ൽ കരാർ പുതുക്കിയപ്പോൾ
ഓരോ അഞ്ച് വർഷത്തിലും 15 ശതമാനം വർദ്ധന വരുത്താമെന്ന് എഴുതിച്ചേർത്തു. വർദ്ധിപ്പിച്ച തുക പ്രകാരം 98 മുതൽ 9.27 ലക്ഷം രൂപയാണ് പ്രതിവർഷം പോർട്ട് ട്രസ്റ്റ് നികുതി ഇനത്തിൽ കോർപ്പറേഷന് നൽകേണ്ടിയിരുന്നത്.
വെല്ലിംഗ്‌ടൺ ഐലൻഡിലെ അടിസ്ഥാന സൗകര്യങ്ങൾ പോർട്ട് ട്രസ്റ്റ് സ്വന്തമായാണ് നടത്തുന്നത്. അതിനാൽ നഗരസഭ കെട്ടിടങ്ങൾക്ക് നികുതിയുടെ 70 ശതമാനം ഇളവ് പോർട്ട് ട്രസ്റ്റിന് നൽകണമെന്ന് നിബന്ധനയിൽ പറയുന്നുണ്ട്. പോർട്ടിന്റെ കെട്ടിടങ്ങളിൽ ചിലത് പൊളിച്ചുകളഞ്ഞിട്ടുണ്ട്. സംയുക്ത പരിശോധനയിലൂടെ ഇവ കണ്ടെത്തി നികുതിയിൽനിന്ന് ഒഴിവാക്കണമെന്ന് പോർട്ട് ആവശ്യപ്പെട്ടുവെങ്കിലും ഇത് നടത്താത്തതിനാൽ അഞ്ചുവർഷം കൂടുമ്പോഴുള്ള വർദ്ധന അനുവദിക്കാൻ പോർട്ട് അധികൃതർ തയ്യാറായിട്ടില്ല.
# കരാർ പുതുക്കിയിട്ടില്ല
98ന് ശേഷം നികുതി വർദ്ധന നടപ്പിലാക്കിയില്ലെന്നു മാത്രമല്ല 2013 ന് ശേഷം പോർട്ടുമായുള്ള കരാറും പുതുക്കിയിട്ടില്ല. 89ന് ശേഷം പോർട്ട് പുതുതായി പണിത കെട്ടിടങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിട്ടില്ല.
# നഗരസഭയെ കബളിപ്പിക്കുന്നു
പോർട്ടിൽ പ്രവർത്തിക്കുന്ന നാലോ അഞ്ചോ സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോൾ നികുതി അടയ്ക്കുന്നത്. ലൈസൻസ് പുതുക്കണമെങ്കിൽ നികുതി അടച്ച സർട്ടിഫിക്കറ്റ് നിർബന്ധമായതിനാൽ തുച്ഛമായ തുക അടച്ച് ഇവർ ബാദ്ധ്യത തീർക്കുകയാണ്. പോർട്ട് ട്രസ്റ്റിന്റെ അധീനതയിലുള്ള സ്ഥലവും കെട്ടിടങ്ങളും പാട്ടത്തിന് വിട്ടുകൊടുക്കുന്ന സാഹചര്യത്തിൽ നികുതിയിളവ് തുടരേണ്ട കാര്യമില്ല.
കെ.ജെ.ആന്റണി,
പ്രതിപക്ഷ നേതാവ്
#പോർട്ട് ട്രസ്റ്റ് അധികൃതർ സഹകരിക്കുന്നില്ല
മുൻ കൗൺസിൽ യോഗങ്ങളിലെ ചർച്ചകളെ തുടർന്ന് പോർട്ട് ട്രസ്റ്റിന്റെ പരിധിയിലുളള കെട്ടിടങ്ങളുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ മൂന്ന് സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. സ്‌ക്വാഡ് അംഗങ്ങൾ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും പോർട്ട് അധികൃതർ സഹകരിക്കാത്തതിനാൽ റിപ്പോർട്ട് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.
ടി.ജെ.വിനോദ്,
ഡെപ്യൂട്ടി മേയർ
ആകെ ഉളളത്: 2030 കെട്ടിടങ്ങൾ
ഇതിൽ 1667 എണ്ണം പോർട്ട് ട്രസ്റ്റ് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.
560 സ്വകാര്യ കെട്ടിടങ്ങൾ.
667 കെട്ടിടങ്ങളുടെ നികുതി കണക്കാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ കണക്കാക്കാൻ പോർട്ടിന്റെ കൈവശം രേഖകൾ ഇല്ലെന്നാണ് പറയുന്നത്
ഉടൻ യോഗം വിളിക്കും
പുതിയ കെട്ടിടങ്ങളിൽ അസസ്‌മെന്റ് നടത്തുന്നതിന് പോർട്ട് ട്രസ്റ്റിന്റെ സഹകരണം ആവശ്യമാണ്. ഇക്കാര്യത്തിൽ സഹകരണം തേടി പോർട്ട് ട്രസ്റ്റ് അദ്ധ്യക്ഷയുടെ കൂടി സാന്നിദ്ധ്യത്തിൽ ഉടൻ യോഗം വിളിക്കും.
സൗമിനി ജെയിൻ,
മേയർ