ബംഗളൂരുവിലേക്ക് കൂടുതൽ ബസുകൾ
കൊച്ചി : ബംഗളൂരുവിൽ നിന്ന് എറണാകുളത്തേയ്ക്കുള്ള വാരാന്ത്യത്തിലെ പതിവ് യാത്ര ഇക്കുറി വേണ്ടെന്നുവയ്ക്കേണ്ട. സ്വകാര്യ അന്തർസംസ്ഥാന ബസുകളുടെ സമരം നേരിടാൻ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ ബംഗളൂരിൽ എത്തും. ഇന്നും നാളെയും എറണാകുളത്തേയ്ക്കും ഞായർ, തിങ്കൾ ദിവസങ്ങളിൽ മടക്കയാത്രയ്ക്കും ബസുണ്ടാകും.
സ്വകാര്യ അന്തർസംസ്ഥാന ബസുകൾ ആരംഭിച്ച പണിമുടക്ക് നാലാം ദിവസത്തിലേയ്ക്ക് ഇന്ന് കടക്കും. ഏറ്റവുമധികം പേർ ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നത് വെള്ളി, ശനി ദിവസങ്ങളിലാണ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇവർ തിരിച്ചുപോകും. ഐ.ടി നഗരമായ ബംഗളൂരുവിൽ ജോലി ചെയ്യുന്നവരും മറ്റുമാണ് വാരാന്ത്യ യാത്ര പതിവായി നടത്തുന്നത്.
മൂന്നു ബസുകൾ ബംഗളൂരുവിൽ
എറണാകുളം ഡിപ്പോയിൽ നിന്ന് ഇന്നലെ മൂന്നു പ്രത്യേക സർവീസുകൾ ബംഗളൂരുവിലേയ്ക്ക് പോയി. നിറയെ യാത്രക്കാരുമായാണ് യാത്ര. ഇന്നു വൈകിട്ടും രാത്രിയിലുമായി ബംഗളൂരുവിൽ നിന്ന് തിരികെ പുറപ്പെടും. ശനിയാഴ്ച പുലർച്ചെഎറണാകുളത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സർവീസുകൾ പുറപ്പെടുക. സ്വകാര്യ ബസുകളെ സാധാരണ ആശ്രയിക്കുന്നവർക്ക് കൂടി യാത്ര ഉറപ്പാക്കാനാണ് മൂന്നു പ്രത്യേക സർവീസുകൾ നടത്തുന്നത്. എറണാകുളം ഡിപ്പോയിൽ നിന്ന് സാധാരണ സർവീസ് നടത്തുന്ന മൂന്നു ബസുകളും മുടക്കമില്ലാതെ ഓടിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
വാരാന്ത്യം നാട്ടിൽ ചെലവിട്ട് ബംഗളൂരു, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകുന്നതിനും സൗകര്യം ഒരുക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ മൂന്നു വീതം പ്രത്യേക സർവീസുകൾ നിശ്ചയിച്ചിട്ടുണ്ട്. ആവശ്യക്കാർ വർദ്ധിച്ചാൽ കൂടുതൽ ബസുകൾ ഓടിക്കാനും ഒരുക്കം നടത്തിയിട്ടുണ്ട്. യാത്രക്കാർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കും.
പിറവം ഡിപ്പോയിൽ നിന്നുള്ള ബംഗളൂരു ബസും മറ്റു ഡിപ്പോകളിൽ നിന്ന് എറണാകുളം, മൂവാറ്റുപുഴ വഴി വരുന്ന ബസുകളിലും വലിയ തിരക്ക് ദിവസങ്ങളായി തുടരുകയാണ്.
പിന്മാറാതെ സ്വകാര്യ ബസുകൾ
രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ യാത്രക്കാരോട് മോശമായി പെരുമാറുന്നത് വർദ്ധിച്ചതോടെ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധനയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് ആരംഭിച്ചത്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ ആരംഭിച്ച പരിശോധനയിൽ നിരവധി ബസുകൾ കുടുങ്ങിയിരുന്നു. പരിശോധന അവസാനിപ്പിക്കുക, പിഴ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പണിമുടക്കുന്നത്.
പരമാവധി സർവീസ്
പരമാവധി സർവീസുകൾ നടത്താനാണ് ശ്രമിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ സർവീസ് നടത്തും.
ഡി.ടി.ഒ, എറണാകുളം
ചർച്ചയ്ക്ക് തയ്യാർ
ചർച്ചയ്ക്ക് തയ്യാറാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഓപ്പറേറ്റർമാരെ മുഴുവൻ പിഴയീടാക്കിയും അനാവശ്യ പരിശോധന നടത്തുന്നതിലും പ്രതിഷേധിച്ചാണ് സമരം.
അജാസ് എ.എസ്.
ജനറൽ സെക്രട്ടറി
ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ
സ്വകാര്യ അന്തർ സംസ്ഥാന ബസുകൾ : 295
കേരളത്തിനകത്ത് ഓടുന്നവ : 105
ഇന്നും നാളെയും എറണാകുളത്തേയ്ക്കും ഞായർ, തിങ്കൾ ദിവസങ്ങളിൽ മടക്കയാത്രയ്ക്കും ബസുണ്ടാകും.