കൊച്ചി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വിദ്യാർത്ഥിക്ക് കൈത്താങ്ങുമായി അദ്ധ്യാപകർ. പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതം മാറുംമുമ്പാണ് എറണാകുളം സെന്റ്.ആൽബർട്ട്സ് കോളജിലെ എം.എസ് സി കെമിസ്ട്രി വിദ്യാർഥിനിയായ അഞ്ജു വിജയന് കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടമാകുന്നത്. ഇതോടെ ജീവിതം വഴിമുട്ടി. സഹോദരനും മാതാവും വാർദ്ധക്യത്തിന്റെ അവശതയനുഭവിക്കുന്ന മുത്തശിയുമായി ബന്ധുവീട്ടിലേക്ക് അവർ താമസം മാറ്റി.
അഞ്ജുവിന്റെയും കുടുംബത്തിന്റെയും നിസഹായാവസ്ഥ മനസിലാക്കിയ അദ്ധ്യാപകർ കാരുണ്യഹസ്തവുമായി എത്തുകയായിരുന്നു. സ്റ്റാഫ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഏലൂർ പള്ളിപ്പുറംചാലിൽ നിർമ്മിച്ച പുതിയ വീടിന്റെ താക്കോൽദാനം കഴിഞ്ഞദിവസം വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് 530 സ്‌ക്വയർഫീറ്റുള്ള വീട് നിർമ്മാണം പൂർത്തിയാക്കിയത്.