ആലുവ: അടുത്ത അദ്ധ്യയന വർഷം ആരംഭിക്കും മുമ്പ് എസ്.എൻ.ഡി.പി യോഗത്തിന് കീഴിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ വിശദമായി സംസാരിച്ചിട്ടുണ്ട്. അനുകൂലമായ നിലപാടാണ് മന്ത്രിയും വിദ്യാഭ്യാസ സെക്രട്ടറിയും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ചരിത്ര വിജയം നേടിയ ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച 'വിജയോത്സവം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങൾ ഇനി വേണ്ടെന്നും പകരം വിദ്യാലയങ്ങളാണ് വേണ്ടതെന്നും പറഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ തത്വങ്ങളിൽ വിശ്വസിക്കുന്ന ഈഴവ ജനവിഭാഗത്തിന് ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്നപ്പോൾ മാത്രമാണ് അർഹിക്കുന്ന പരിഗണന ലഭിച്ചത്. പിന്നീട് ബേബി ജോൺ വിദ്യാഭ്യാസ മന്ത്രിയായപ്പോൾ മൂന്ന് കോളേജുകളും ലഭിച്ചു. അതിന് ശേഷം ആർട്ട്സ് ആന്റ് സയൻസ് കോളേജുകളൊന്നും ലഭിച്ചിട്ടില്ല. ഈഴവർ പരസ്പരം കേസ് പറഞ്ഞ് തകർന്നപ്പോൾ ഒന്നായി നിന്ന മറ്റു സമുദായങ്ങളെല്ലാം വിദ്യാഭ്യാസപരമായി നേട്ടം കൊയ്തതായും വെള്ളാപ്പള്ളി പറഞ്ഞു.
'വിജയോത്സവ'ത്തിൽ യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തിന് മുൻഗണന നൽകി മക്കളെ വളർത്താൻ രക്ഷിതാക്കൾ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം, ഡി.ഇ.ഒ സുബിൻപോൾ, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് കെ.കെ. കർണൻ, ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.കെ. കുട്ടപ്പൻ, സ്‌കൂൾ വികസന സമിതി ചെയർമാൻ പി.ഡി. ശ്യാംദാസ്, കൺവീനർ കെ.കെ. മോഹനൻ, പി.ടി.എ പ്രസിഡന്റ് എം.കെ. രാജീവ്, പ്രിൻസിപ്പൽ സീമ കനകാംബരൻ, സി.എസ്. ദിലീപ് കുമാർ, സ്മിജ ജോസഫ്, മുഹമ്മദ് ബിലാൽ, സന്തോഷ് വി. കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു. എ.എ. ആനന്ദൻ സ്കൂൾ പ്രിൻസിപ്പലിന് ഉപഹാരം നൽകി.
പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം വിജയത്തിന് പുറമെ സ്‌കൂളിലെ 42 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസും നേടിയിരുന്നു. എഴുതിയ വിദ്യാർത്ഥികളുടെയും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെയും ആനുപാതിക കണക്കുകൾ പ്രകാരം ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ലഭിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ നാല് പേർ ഉൾപ്പെടെ 247 പേരും ഉപരിപഠന യോഗ്യരായി.
എസ്.എൻ.ഡി.പി സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തും
ആലുവ: എസ്.എൻ.ഡി.പി യോഗത്തിനും വിദ്യാഭ്യാസ മേഖലക്കും അഭിമാനകരമായി വളർന്ന ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന്റെ ഭൗതീക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് അടിയന്തിര നടപടിയുണ്ടാകുമെന്ന് എസ്.എൻ.ഡി.പി സ്കൂൾ ജനറൽ മാനേജരും യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ടൗൺ ഹാളിൽ നടന്ന വിജയോത്സവത്തിൽ പങ്കെടുക്കാനെത്തിയ വെള്ളാപ്പള്ളി സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളും നേരിൽ കണ്ട് വിലയിരുത്തിയിരുന്നു. ആലുവ സ്കൂളിന്റെ വികസനത്തിന് പണം ഒരിക്കലും തടസമാകില്ല. നിലവിലുള്ള ആവശ്യങ്ങൾ പരിഹരിക്കുന്നതിന് 24 മണിക്കൂറിനകം നടപടിയുണ്ടാകും. സ്കൂളിൽ പ്ളസ് ടുവിന് കൂടുതൽ ബാച്ച് അനുവദിക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.