കെ.കെ. രത്‌നൻ
വൈപ്പിൻ: പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷാമത്തിനും ഇടയ്ക്കിടെയുള്ള വൈദ്യുത മുടക്കത്തിനും പരിഹാരമായി സബ് സ്റ്റേഷൻ നാളെ പ്രവർത്തനക്ഷമമാകും. 20 വർഷം മുമ്പ് തയ്യാറാക്കിയ ചെറായി സബ് സ്റ്റേഷൻ പദ്ധതിക്ക് അന്നത്തെ ചെലവ് 7.18 കോടി രൂപയായിരുന്നു. ഒട്ടേറെ തടസ്സങ്ങളിൽപ്പെട്ട് ഇഴഞ്ഞുനീങ്ങിയ പദ്ധതിക്ക് 2008ലാണ് വീണ്ടും ജീവൻ വെച്ചത്.
മന്നത്ത് നിന്നാരംഭിച്ച് പറവൂർ ഏഴിക്കര വഴി അയ്യമ്പിള്ളി വരെ ഏഴര കിലോമീറ്റർ ദൂരത്തിൽ 110 കെ.വി. വൈദ്യുതി ലൈൻ വലിക്കുന്നതിന് ഒട്ടേറെ തടസ്സങ്ങളുണ്ടായി. സ്ഥലം ഉടമകളുടെ എതിർപ്പായിരുന്നു പ്രധാന തടസ്സം. സംസ്ഥാനത്ത് മറ്റെവിടെയും പ്രയോഗിച്ചിട്ടില്ലാത്ത ആധുനിക സംവിധാനമാണ് ചെറായി ലൈനിന് കെ.എസ്.ഇ.ബി. രൂപപ്പെടുത്തിയത്. ടവറുകളുടെ ഉയരം 16.5 മീറ്റർ മുതൽ 26 മീറ്റർ വരെയാക്കി. കർണ്ണാടക ഇലക്ട്രിസിറ്റി ബോർഡിന്റെ സ്‌പെഷ്യൽ ടൈപ്പ് നാരോ ബേസ്ഡ് ടവറുകളാണ് ഇവിടെ സ്ഥാപിച്ചത്. ടവർ ഒന്നിന് 80 ലക്ഷംരൂപയാണ് ചെലവ്. ലൈനുകളാകട്ടെ പോളിമെയർ ഇൻസുലേറ്റഡ് കേബിളുകളാണ് വലിച്ചത്. ഈ ലൈനുകൾക്ക് കീഴിൽ വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുന്നതിന് തടസ്സമില്ല. ഇതിനായി സർക്കാർ പ്രത്യേക ഉത്തരവുമിറക്കി നിയമസംരക്ഷണവും ഉറപ്പാക്കി. ലൈൻ കടന്നുപോകുന്ന സ്ഥലങ്ങൾക്ക് സ്ഥല വിലയുടെ 15 ശതമാനവും ടവർ സ്ഥാപിക്കുന്ന സ്ഥലങ്ങൾക്ക് 75 ശതമാനവും നഷ്ടപരിഹാരവും ഉറപ്പാക്കി. കാര്യങ്ങൾ മനസ്സിലാക്കാതെ എന്നിട്ടും ചില ഉടമകൾ കേസുകൾ കൊടുത്തപ്പോൾ പദ്ധതി പിന്നെയും തളർന്നു.
ഏറ്റവും ഒടുവിൽ പറവൂരിലെ മീനാമേനോൻ നൽകിയ കേസ് പരിസ്ഥിതി പ്രവർത്തകരും മറ്റും ആഘോഷമാക്കിയപ്പോഴും കെ.എസ്.ഇ.ബി.യും സർക്കാരും മുന്നോട്ട് പോയി. ഹൈക്കോടതിയിൽ വരെ കേസെത്തിയെങ്കിലും കാര്യങ്ങളെല്ലാം ബോദ്ധ്യപ്പെടുത്താൻ അധികൃതർക്കായി.
പദ്ധതിയിലെ കൂടെക്കൂടെ വരുന്ന തടസ്സങ്ങൾക്ക് അപ്പോഴപ്പോൾ പരിഹാരമുണ്ടാക്കിയ എസ്. ശർമ്മ എം.എൽ.എയും ആധുനിക സാങ്കേതിക സംവിധാനങ്ങൾ കണ്ടെത്തി നടപ്പാക്കിയ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജോർജ്ജ് വി. ജയിംസിന്റെയും, നിരന്തരമുണ്ടാകുന്ന കേസുകൾ അതീവജാഗ്രതയോടെ കൈകാര്യം ചെയ്ത് വിജയത്തിലെത്തിച്ച അഡ്വ. സത്യനാഥ മേനോൻ എന്നിവരുടെ നിരന്തരമായ ഇടപെടലാണ് സബ് സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതിന് പങ്കുവഹിച്ചത്.
#ചെറായി 110 കെ.വി. സബ്‌സ്റ്റേഷനും 110 കെ.വി. മന്നം-ചെറായി ട്രാൻസ്മിഷൻ ലൈനും 30.47 കോടി രൂപ ചെലവ്.
#1999ൽ എസ്. ശർമ്മ വെെദ്യുത മന്ത്രിയായിരിക്കുമ്പോൾ രൂപം നൽകിയ പദ്ധതി.
#ആധുനിക സാങ്കേതിക സംവിധാനത്തിൽ
12.5 മെഗാവാട്ട് ശേഷിയുള്ള 2 ട്രാൻസ്‌ഫോർമറുകളാണ് ചെറായിയിലേത്. ഭാവിയിൽ ഇത് 40 മെഗാവാട്ട് വരെയാക്കാൻ കഴിയും. എടയാറിൽ നിന്ന് പറവൂർ വഴി ഇ.ഡി.എൽ. നമ്പർ 2 ഫീഡർ വഴിയാണ് ചെറായിയിലേക്ക് വൈദ്യുതി വരുന്നത്. വൈപ്പിൻകരയിലെ 3 പഞ്ചായത്തുകളിലും നിലവിൽ വൈദ്യുതി വരുന്നത് മന്നം, മാലിപ്പുറം സബ് സ്റ്റേഷനുകൾ വഴിയാണ്. മറ്റ് പല പ്രദേശങ്ങളിലെയും സപ്ലൈ കഴിഞ്ഞ് ഇവിടെയെത്തുന്നതുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ രൂക്ഷമായ വോട്ടേജ് ക്ഷാമവവും ഇടയ്ക്കിടെയുളള വൈദ്യുതി മുടക്കവും അനുഭവപ്പെട്ടിരുന്നത്. ഒട്ടേറെ ഐസ്പ്ലാന്റുകൾ, ബോട്ട് യാർഡുകൾ, മറൈൻ വർക്ക് ഷോപ്പുകൾ തുടങ്ങിയവ ഉൾപ്പെടുന്ന മുനമ്പം മത്സ്യമേഖലക്ക് ഇതുമൂലം കനത്ത നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരുന്നത്. വിദേശ ടൂറിസ്റ്റുകൾ ഏറെ തങ്ങുന്ന പ്രശസ്തമായ ചെറായി ബീച്ചിനും സമാന അനുഭവങ്ങളായിരുന്നു. ഇതിനൊക്കെ ശാശ്വത പരിഹാരമാണ് ഇപ്പോൾ പ്രവർത്തനക്ഷമമാകുന്ന ചെറായി സബ് സ്റ്റേഷൻ.