വൈപ്പിൻ: ഏകത പരിഷത് സ്ഥാപകനേതാവും ചമ്പൽക്കാടുകളിലെ കൊള്ളക്കാരെ അഹിംസയിലൂടെ ആയുധം ഉപേക്ഷിപ്പിച്ച ഗാന്ധിയനുമായ പി.വി. രാജഗോപാൽ നയിക്കുന്ന സാർവദേശീയ പദയാത്ര ഡൽഹി രാജ്ഘട്ടിൽ നിന്നും ആരംഭിച്ച് സ്വിറ്റ്‌സർലണ്ടിന്റെ തലസ്ഥാനമായ ജനീവയിൽ സമാപിക്കും. ഒരു വർഷം നീണ്ടുനില്ക്കുന്ന പദയാത്ര ഗാന്ധിജിയുടെ 150-ാം ജന്മദിനമായ 2019 ഒക്‌ടോബർ 2ന് ആരംഭിച്ച് 2020 ഒക്‌ടോബർ 2ന് പൂർത്തയാക്കും. 14 രാജ്യങ്ങളിലൂടെ 10,000 കീലോമീറ്റർ സഞ്ചരിക്കുന്ന പദയാത്രയിൽ 150 പേർ പങ്കെടുക്കും. ഡൽഹിയിൽ നിന്നും വാഗ അതിർത്തിവരെ 1000 പേർ അനുഗമിക്കും.
വികസന പദ്ധതികളിൽ ഗ്രാമീണർക്കും കർഷകർക്കും ഗുണമുള്ളതാക്കുക, ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുക, പരിസ്ഥിതി വിനാശത്തിനും കാലാവസ്ഥ വ്യതിയാനത്തിനുമെതിരെ പ്രതിരോധം ഉയർത്തുക, വർഗ്ഗീയതയ്‌ക്കെതിരെയും യുദ്ധത്തിനും കാലാപങ്ങൾക്കുമെതിരെ ലോക ജന മനസാക്ഷി ഉണർത്തുവാനാണ് പദയാത്ര.പദയാത്രയോടനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന പരിപാടികൾക്കായി 35 പേരുടെ സംഘാടക സമിതി രൂപീകരിച്ചു.
ഏകതപരിഷത് സംസ്ഥാന പ്രസിഡന്റ് വടക്കോട് മോനച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇഗ്ന്യേഷ്യസ് കുളിരാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാനായി ബർണാഡ്‌നെറ്റോയെയും, ജനറൽ കൺവീനറായി മാത്യൂസ് പുതുശ്ശേരിയേയും തിരഞ്ഞെടുത്തു.