ആലുവ: ഗതാഗതകുരുക്ക് രൂക്ഷമായ ആലുവ - മൂന്നാർ റോഡിലെ ചൂണ്ടി കവലക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്ത് ബൈപ്പാസ് റോഡ് നിർമ്മിക്കും. ചുണങ്ങംവേലി സെന്റ് ജോസഫ് സ്കൂളിന് സമീപത്ത് നിന്നും പെരിയാർ വാലി കനാൽ സൈഡിലൂടെ എടത്തല എസ്.ഒ.എസ് തൈക്കാവിന് സമീപം ചൂണ്ടി - പഴങ്ങനാട് റോഡിൽ സംഗമിക്കുന്ന ഇടുങ്ങിയ റോഡ് വികസിപ്പിച്ചാണ് ബൈപ്പാസ് ആക്കുന്നത്. നിലവിൽ മൂന്ന് മീറ്ററിൽ താഴെ വീതിയുള്ള ഇടുങ്ങിയ റോഡ് എട്ട് മുതൽ 10 വരെ മീറ്ററാക്കി ഉയർത്തുന്നതിനും വളവ് നിവർത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്. റോഡ് വികസനം പൂർത്തിയാകുന്നതോടെ പഴങ്ങനാട്, കിഴക്കമ്പലം ഭാഗത്ത് നിന്നും രാജഗിരി ആശുപത്രി, ഐ.എസ്.ആർ.ഒ, നാലാംമൈൽ വ്യവസായ മേഖല തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് ചൂണ്ടി കവലയിൽ പ്രവേശിക്കേണ്ടതില്ല. പെരുമ്പാവൂർ, വാഴക്കുളം ഭാഗത്ത് നിന്നും പുക്കാട്ടുപടി, എടത്തല ഭാഗത്തേക്ക് പോകുന്നവർക്കും ചൂണ്ടിയിൽ എത്തേണ്ടതില്ല.
റോഡ് വികസനത്തിനായി ഏറ്റെടുക്കേണ്ട സ്ഥലത്തിൽ 200 മീറ്റർ ഭാഗം പെരിയാർവാലി കനൽ ബണ്ടിലാണ്. ബാക്കിയുള്ളത് പഞ്ചായത്ത് റോഡിനോട് ചേർന്നുള്ള സ്ഥലമാണ്. സ്വകാര്യ വ്യക്തികൾക്ക് പുറമെ പെരിയാർവാലിയും എസ്.ഒ.എസും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം സ്ഥലം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 1100 മീറ്ററാണ് റോഡിന്റെ നീളം. ഏഴ് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിച്ചിട്ടുള്ളത്.
നിലവിൽ പകൽ സമയങ്ങളിലും വൈകുന്നേരങ്ങളിലും വലിയ ഗതാഗത കുരുക്കാണ് ചൂണ്ടി ജങ്ഷനിൽ അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെടാറുണ്ട്. ചൂണ്ടി ജങ്ഷനെ തലങ്ങും വിലങ്ങും വാഹനങ്ങൾ മുറിച്ച് കടക്കുന്നത് ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. ബൈപ്പാസ് റോഡ് കൂടി വരുന്നതോടെ കുരുക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി എൻ.കെ. കുമാരൻ, എടത്തല ലോക്കൽ സെക്രട്ടറി കെ.എൽ. ജോസ്, കെ.കെ. സത്താർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ആലുവ - മൂന്നാർ റോഡിൽ അശോകപുരം കൊച്ചിൻ ബാങ്ക് കവലയിലെയും ചൂണ്ടിയിലെയും അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അസ്ളഫ് പാറേക്കാടൻ ആവശ്യപ്പെട്ടു. ചൂണ്ടിയിൽ പി.ഡബ്ളിയു.ഡി റോഡിന് പുറമെ പെരിയാർവാലി കനാലും കൈയ്യേറിയതാണ് ഗതാഗതകുരുക്ക് രൂക്ഷമാകാൻ കാരണം. രണ്ടിടത്തും കാൽനട യാത്ര പോലും ദുസഹമാണ്. റോഡ് മുറിച്ചുകടക്കാൻ ഏറെ നേരം കാത്തുനിൽക്കണം. കച്ചവട സ്ഥാപനങ്ങളുടെ മറവിലാണ് വ്യാപക കൈയ്യേറ്റം നടന്നിട്ടുള്ളത്. ഇക്കാര്യത്തിൽ മുഖംനോക്കാതെയുള്ള നടപടിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
അസ്ളഫ് പാറേക്കാടൻ ജില്ലാ പഞ്ചായത്ത് അംഗം
ഉദ്ഘാടനം ഇന്ന്
നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് എസ്.ഒ.എസ് തൈക്കാവിന് സമീപം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അസ്ളഫ് പാറേക്കാടൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
50 ലക്ഷം രൂപ ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന്റെ റോഡ് വികസന ഫണ്ടിൽ നിന്നും ബൈപ്പാസ് റോഡിന് അനുവദിച്ചു.